ഇന്ന് ലോക പ്രമേഹ ദിനം
“മാധുര്യമില്ലാതെയോ രോ ദിനങ്ങളും
ആകുലപ്പെട്ടു കഴിയുന്ന ജീവിതം
കാലപ്രവാഹം പ്രമേഹം കെടുത്തുമീ
രോഗത്തിൽ നിന്നു ശമനമുണ്ടാകുമോ”
ലോകത്താകമാനമായി 250 ദശലക്ഷം പ്രമേഹരോഗികളുണ്ട്. ഒരു നിമിഷംപോലും പാഴാക്കാതെ ക്രിയാത്മകമായ പ്രതിരോധമാര്‍ഗങ്ങള്‍ ഉടനടി അവലംബിച്ചില്ലെങ്കില്‍ 2025 ആകുന്നതോടെ പ്രമേഹബാധിതര്‍ 380 ദശലക്ഷമാകുമെന്ന മുന്നറിയിപ്പാണ് ആരോഗ്യവിഭാഗം നല്‍കുന്നത്.
40.9 ദശലക്ഷം പ്രമേഹരോഗികളുള്ള ഇന്ത്യ പ്രമേഹത്തിന്റെ ലോകതലസ്ഥാനമെന്ന വിശേഷണത്തിന് അര്‍ഹമാണ്. കേരളത്തിലെ നാല്പത് ലക്ഷം പ്രമേഹരോഗികളില്‍ പത്തുലക്ഷം പേര്‍ക്ക് രോഗമുണ്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നതും ദുഃഖകരമാണ്.
പ്രമേഹത്തെ പ്രതിരോധിക്കാന്‍ രോഗലക്ഷണങ്ങള്‍ എന്തെന്ന് അറിയണം. നിങ്ങള്‍ക്ക് താഴെപ്പറയുന്ന എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടോ? എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ പ്രമേഹരോഗിയാവാന്‍ സാധ്യതയുണ്ട്- വര്‍ധിച്ച മൂത്രശങ്ക, അമിത ദാഹം, വിശപ്പ്, ഭാരക്കുറവ്, തളര്‍ച്ച, ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാതെ വരുന്നത്, ഓക്കാനവും വയറുവേദനയും കൈകാലുകളില്‍ തരിപ്പ്, ഉണങ്ങിവരണ്ട നാവ്, കാഴ്ചക്കുറവ്, തുടരെ തുടരെയുള്ള അണുബാധ, കരിയാന്‍ വൈകുന്ന മുറിവുകള്‍ ഇതെല്ലാം പ്രമേഹ രോഗബാധിതരില്‍ സാധാരണമായി കാണുന്നു.
പ്രമേഹത്തിലേക്ക് നിങ്ങളെ തള്ളിവിടുന്ന ആപത്ഘടകങ്ങള്‍ പലതാണ്. അമിതവണ്ണം, വ്യായാമരാഹിത്യം, അപഥ്യ ഭക്ഷണശൈലി, വാര്‍ധക്യം, അമിത കൊളസ്‌ട്രോളും പ്രഷറും, പാരമ്പര്യം, പ്രസവാനന്തര പ്രമേഹബാധ തുടങ്ങിയവയെല്ലാം കാലാന്തരത്തില്‍ നിങ്ങളെ ഒരു പ്രമേഹരോഗിയാക്കിമാറ്റുന്നു.