ശ്രീനഗറിൽ നിന്നു പുറപ്പെട്ടു അധികം വൈകാതെ സിന്ധു നദിക്കു കുറുകെയുള്ള പാലം കടന്നു. സുന്ദരമായ സായാഹ്നം, ഞങ്ങൾ വണ്ടി നിർത്തി.ആകെ കൂടി ഒരു ഉത്സവമയം. വർഷത്തിൽ 3 മാസം മാത്രം തുറക്കുന്ന റോഡാണ്. അതിനാൽ തന്നെ വിനോദസഞ്ചാരികളുടെ തിരക്കുണ്ട്. വണ്ടി അക്കരെ പാർക്ക് ചെയ്ത് ഞാൻ കാമറയുമായി പാലത്തിനുമുകളിൽകൂടി നടന്നു. ഒരു പട്ടാളക്കാരനാണ് പാലത്തിനു മുകളിലെ ട്രാഫിക്ക് കൺട്രോൾ ചെയ്തിരുന്നത്. കഷ്ടിച്ച് ഒരു വണ്ടിക്ക് മാത്രം പോകാനുള്ള വീതിയെ ഉണ്ടായിരുന്നുള്ളൂ. പാലത്തിനു മുകളിൽ കയറിയപ്പോൾ എന്നെ പുള്ളി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. നോട്ടം കണ്ടപ്പോൾ ഇപ്പൊ ഇറക്കിവിടുമെന്നായിരുന്നു ഞാൻ കരുതിയത്. പക്ഷെ ഭാഗ്യവശാലും, ഇതുപോലുള്ള വട്ടന്മാരെ നിത്യവും കാണുന്നതിനാലുമായിരിക്കാം എന്നോടോന്നും പറഞ്ഞില്ല. ആവശ്യം പോലെ ഫോട്ടോസ് എടുത്തു വണ്ടി സ്റ്റാർട്ട് ചെയ്തു. “ഇന്നിനി എന്തുവന്നാലും സോന്മാർഗ്ഗ് പിടിക്കണേ”, റോഷന്റെ അഭ്യർത്ഥന. ഫോട്ടോഗ്രാഫർ കൂടെയുണ്ടെങ്കിൽ ഏതൊരാൾക്കും തോന്നാവുന്ന കാര്യം. അവനെ സോപ്പടിക്കാൻ അവന്റെ 2 ഫോട്ടോ എടുത്തുകൊടുത്താൽ പോതും!
10 കൊല്ലം പഴക്കമുള്ളതാണു റോഷന്റെ വണ്ടി, അതു ഇടക്കിടെ എന്നെ സഹായിക്കും. വയ്യാ മടുത്തു അല്പം കഴിഞ്ഞു പോകാമെന്ന മട്ടിൽ, ആശാൻ ശ്വാസം മുട്ടി നിൽക്കും. അതിനെ പറഞ്ഞു മനസിലാക്കിച്ച്, അങ്ങനെ ട്യൂൺ ചെയ്ത് യാത്ര തുടരുമ്പോഴേക്കും എനിക്ക് ആവശ്യം പോലെ പടം പിടിക്കാം. കെ.ടി.എം. ഇടക്ക് ചില പ്രശ്നം തരുന്നതൊഴിച്ചാൽ മര്യാദക്കാരനായി പോകുന്നുണ്ട്, അതിന്റെ തലവേദനയില്ല. ആൾട്ടിറ്റുട് കൂടുന്നതനുസരിച്ച് പ്രെഷറിൽ മാറ്റം വരുന്നതിനാലാണ് എഞ്ചിൻ ഇടയ്ക്കിടെ ഓഫ് ആകുന്നത്. ഒന്നു ട്യൂൺ ചെയ്താൽ റെഡി ആകും.
സമയം വൈകീട്ട് 7.30 മണി കഴിയുന്നു.സോന്മാർഗ്ഗിലേക്കുള്ള ചുരം കയറിത്തുടങ്ങി, ഒരു 25 കിലോമീറ്റർ കൂടിയുണ്ട്. സൂര്യേട്ടൻ ഗുഡ്നൈറ്റ് പറഞ്ഞുതുടങ്ങി എങ്കിലും ഇരുട്ടിലും തിളങ്ങുന്ന വെള്ള മലകൾ…അത്ഭുതത്തോടെ നോക്കി, വെറുതെ കണ്ടുനിൽക്കാൻ കൊതിതോന്നി. ഇതെന്താ വെളുത്ത പാറകളോ, അതോ ഉപ്പുമലയോ? ഇരുട്ടിൽ ആകെ കൺഫ്യൂഷൻ. മഞ്ഞുപാറയായിരിക്കാം. നമ്മുടെ തൊട്ടടുത്തുള്ള കൂറ്റൻ മഞ്ഞു മല കണ്ടപ്പോൾ, ആദ്യം വിശ്വസിക്കാൻ പറ്റിയില്ല. വീട്ടിലെ ഫ്രിഡ്ജിലും ഐസ്ക്രീമിലും മാത്രം കണ്ട ഐസ് കട്ടകളല്ലാതെ, ആദ്യമായിട്ടാണല്ലോ ഇത്രയടുത്തുന്നിന്നും ഐസ് മലകൾ കാണുന്നത്.

സൊന്മാർഗ്ഗിലെത്തുമ്പോഴേക്കും മൊബൈൽ വീണ്ടും ചത്തു. സോന്മാർഗ്ഗ് ഒരു ഹിൽസ്റ്റേഷനാണ്. മഞ്ഞു മലകൾക്കിടയിൽ ഷോക്കടിച്ചതുപോലെ വിറച്ച് മരവിച്ച് ഞങ്ങൾ റൂം തപ്പാൻ തുടങ്ങി. ആകെ 5,6 ഹോട്ടലുകൾ മാത്രം. അതിലെവിടെയാണ് ചീപ്പ് എന്ന് അന്വേഷിക്കാനായി ഞങ്ങൾ രണ്ടും രണ്ടുവഴിക്കിറങ്ങി. ഒടുവിൽ ശ്രീനഗറിലെ ഹോട്ടലിലുള്ളവർ പറഞ്ഞതനുസരിച്ച് ഒരു ഹോട്ടലിൽ കയറി. ഹോട്ടൽ സോന്മാർഗ്ഗ് പാലസ്. ശ്രീനഗർ ബന്ധം പറഞ്ഞപ്പോൾ പുള്ളി ഒരല്പം റേറ്റ് കുറച്ചു. അവിടെ കണ്ട ഏതാണ്ടെല്ലാ ഹോട്ടലുകളും കാണുമ്പോൾ ഒരുപോലെ തോന്നിപ്പിച്ചു. നല്ല ഭംഗിയുള്ള ഇന്റീരിയർസ്. എല്ലാം താൽക്കാലിക സെറ്റപ്പാണ്. ഉത്സവ

പ്പറമ്പിലെ കടകളെപ്പോലെ. 3 മാസം കഴിഞ്ഞാൽ ഒക്കെ ഇളക്കി കൊണ്ടുപോകണമല്ലോ. മരം കൊണ്ടുള്ള ഭിത്തികളായതിനാൽ പുറത്തെ തണുപ്പ് അകത്തത്ര ഇല്ല. പെട്ടന്നുതന്നെ കുളിച്ച്, ഭക്ഷണവും ഓർഡർ ചെയ്തു. മൊബൈൽ ഫോൺ വീണ്ടും പണിതന്നതിനാൽ വീട്ടിലേക്ക് വിളിക്കാൻ തരമില്ല. റിസപ്ഷനിൽ ചോദിച്ചപ്പോൾ അവിടെയുള്ള മൊബൈൽ തന്നു, അച്ഛനെ രണ്ടു മൂന്നു തവണ വിളിച്ചിട്ട് ഫോൺ എടുത്തില്ല. ഭാര്യയെ വിളിച്ചപ്പോൾ കിട്ടി. ജീവിച്ചിരിക്കുന്നു എന്നറിയിക്കൽ മാത്രമാണ് ഏക ഉദ്ദേശ്യം. കഥകൾ പിന്നീട് പറയാം. ഇല്ലെങ്കിൽ ഇനിയൊരുത്തനും അയാൾ ഫോൺ കൊടുക്കില്ല. മാത്രവുമല്ല ഇങ്ങനെയുള്ള അവസരങ്ങളിൽ കഴിവതും വളരെ കുറച്ചുമാത്രം ഫോൺ ഉപയോഗിക്കുന്നതാണു നല്ലതെന്നു തോന്നി. കിലോമീറ്ററുകൾ താണ്ടി ഇവിടെ വരെ വന്നു ശ്രദ്ധ മൊബൈലിലും ലാപ്ടോപ്പിലുമായാൽ പിന്നെന്തുകാര്യം.
ഭക്ഷണം ഇത്തവണയും ചതിച്ചില്ല, നല്ല രുചി.. ചായയും അടിപോളി. ഭക്ഷണ ശേഷം വെറുതെ ഒന്നു പുറത്തിറങ്ങണമെന്ന് വിചാരിച്ചു. സോന്മാർഗ്ഗ് മാർക്കറ്റ് പൂട്ടാൻ ആയില്ലെന്നറിഞ്ഞപ്പോൾ വണ്ടി എടുത്തു വിട്ടു. റൂമിനകത്തേക്ക് കയറിയതോടെ ആശ്വസിച്ച ശരീരത്തിനു ഞങ്ങൾ വീണ്ടും പുറത്തിറങ്ങിയത് തീരെ പിടിച്ചില്ല, തണുത്തിട്ടു വയ്യന്റമ്മച്ചിയേ…. കൈ വിറയ്ക്കനുസരിച്ചുള്ള ആക്സിലറേഷൻ ആയതിനാൽ വണ്ടിപോലും കിടുകിടെ വിറയ്ക്കുന്നതുപോലെ .. ഇതൊക്കെ കണ്ടു മുകളിലൊരാൾ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു, മറ്റാരുമല്ല ഇമ്മടെ അമ്പിളിമാമൻ. അതിരാവിലെ പോകാനുള്ള പ്ലാൻ കാരണമാണ് രാത്രിയിൽതന്നെ മാർക്കറ്റിൽ പോയത്. എന്നിട്ട് അതിരാവിലെ തന്നെ നമ്മൾ ഇവിടെനിന്നും പുറപ്പെടുമോ? അതു രാവിലെയായാൽ മാത്രം അറിയാം.
ശ്രീനഗറിലെ സാഹസങ്ങൾ << Prev | Next >> സോന്മാർഗിനു പറയാനുള്ളത്..
3 comments
Pingback: ശ്രീനഗറിലെ സാഹസങ്ങൾ | ചേതസ്സ്
Pingback: സോന്മാർഗിനു പറയാനുള്ളത്.. | ചേതസ്സ്
Pingback: സോന്മാർഗിനു പറയാനുള്ളത്.. | ചേതസ്സ്
Pingback: സോന്മാർഗിനു പറയാനുള്ളത്.. – ചേതസ്സ്