നോക്കുകുത്തി – സത്യജിത് റേ

സാധാരണ സംഭവിക്കാറില്ല-
പക്ഷെ ഇന്നെന്തേ ഇങ്ങനെയാവാൻ?
ഉയർന്നുനിൽക്കുന്ന മേഘങ്ങളും, കറുത്തുവരുന്ന ചക്രവാളവും…. മ്രുഗാംഗബാബുവിന് ആധിയായി.

‘പനാഗദി’ ലെത്തിയപ്പോഴേക്കും സംശയം സത്യമായി. കാറിൽ പെട്രോൾ തീർന്നിരിക്കുന്നു. പെട്രോൾ ഗെയ്ജ് കുറച്ചുനേരമായി സ്തംഭിച്ചിരിക്കുകയാണ്.

രാവിലെ യാത്ര പുറപ്പെടുമ്പോൾ തന്നെ ഇത് സുധീറിനോടു പറഞ്ഞതാണ്. അവനത് ശ്രദ്ധിച്ചു കൂടിയില്ല. ടാങ്കിൽ മീറ്ററിൽ കാണുന്നതിനെക്കാൾ പെട്രോൾ കുറവാണ്. കഴിഞ്ഞ കുറെ കാലമായി കൂടെയുള്ള ഡ്രൈവറാണ്. എന്ത് പറയാൻ?

‘ഇനിയെന്താ ഭാവം’ മ്രുഗാംഗബാബു ചോദിച്ചു. ”പനാഗഡ് ടൗണിലേക്ക് ഞാൻ നടക്കാം”.

പെട്രോൾ പമ്പിലെത്താൻ മൂന്നുമൈലോളം നടക്കണം. ‘അപ്പോൾ ഞാൻ രണ്ടര മണിക്കൂറോളം ഇവിടെ കാത്തിരിക്കണം. എല്ലാം നിന്റെ തെറ്റുതന്നെ. മ്രുഗാംഗബാബു വളരെ സൗമ്യനായ മനുഷ്യനാണ്. ഒരിക്കലും മുഖം ചുളിക്കാറില്ല.

പക്ഷെ ഇന്നിപ്പോൾ മനസ്സിൽ അമർഷം കൂടി വന്നു.
മ്രുഗാംഗബാബു, ശേഖർമുഖോപാധ്യായ എന്നറിയപ്പെടുന്ന എഴുത്തുകാരനാണ്. ദുർഗാപൂരിലെ ഒരു ക്ലബ്ബ് അദ്ദേഹത്തെ ആദരിക്കാൻ ഒരു സമ്മേളനം കൂടുന്നു. പെട്ടെന്നായതുകൊണ്ടു ട്രെയിൻ തരമായില്ല. അങ്ങിനെയാണ് ഈ യാത്ര വന്നുപെട്ടത്. രാവിലെ ഒരു കാപ്പിയും കുടിച്ചു നേരത്തെ ഇറങ്ങിയതാണ്. ഇപ്പോൾ മടക്കയാത്രയിലാണ്. അന്ധവിശ്വാസങ്ങളൊന്നുമില്ലാത്തയാളാണ് മ്രുഗാംഗബാബു.പക്ഷെ ഇന്നിപ്പോൾ ആലോചിച്ചു പോവുന്നു. പഞ്ചാംഗം നോക്കിയിരുന്നെങ്കിൽ, ഈയൊരു യാത്ര ഒരു പക്ഷെ ഒഴിവാക്കിയേനെ.

കാറിൽ നിന്നു പുറത്തിറങ്ങി, ഒരു സിഗററ്റ് വലിച്ചു പുകയൂതി മ്രുഗാംഗബാബു ചുറ്റുപാടും നോക്കി. ഇത് ജനുവരിമാസം അവസാനമാണ്. മൈലുകളോളം തരിശുനിലമാണ്. നോക്കിയാൽ അങ്ങേയറ്റം വരെ വരണ്ട വയലുകൾ കാണാം. ജീവജാലത്തിന്റെ ഒരടയാളവും എങ്ങുമില്ല. ദൂരെ, അങ്ങകലെ കുറേ പനകൾ, അതിനപ്പുറം ഏന്തിനോക്കിയാൽ മാത്രം കാണാവുന്ന കാട്. ഇതു റോഡിന്റെ കിഴക്കുവശം. പക്ഷെ പടിഞ്ഞാറുഭാഗത്തു ചെറിയൊരു വ്യത്യാസം മാത്രം- നാല്പതടിയോളം മാറി ഒരു കുളം. ദൂരെ രണ്ടോ മൂന്നോ കുടിലുകൾ. വടക്കുഭാഗത്തു ആകാശത്തു മേഘങ്ങൾ പതുക്കെ തിരക്കു കൂട്ടുന്നു. തണുപ്പുകാലത്തിന്റെ ആരംഭമാണെങ്കിലും മ്രുഗാംഗബാബുവിനു കുറേശ്ശേ വിയർക്കാൻ തുടങ്ങി.കാറിനകത്തു കയറി, ഒരു ഡിറ്റെക്റ്റിവ് നോവലെടുത്ത് ബാബു വായനയിൽ മുഴുകി. കഴിഞ്ഞ കുറേ മണിക്കൂറുകളായി ആകെ റോഡിലൂടെ പോയതു രണ്ട് അംബാസ്സഡർ കാറുകളും ഒരു ലോറിയും മാത്രം. അതും കൽക്കത്തയിലേക്കുള്ള പാതയിൽ. എതിർദിശയിൽ ഇതുവരെ ഒരു വാഹനംകൂടി വരികയുണ്ടായില്ല. പോയ വാഹനങ്ങളിൽ ആരും തന്നെ നിർത്തിയതുമില്ല. ബാബുവിനു തോന്നി – എല്ലാ ബംഗാളികളും സ്വാർത്ഥരാണ്. മറ്റുള്ളവരുടെ പ്രശ്നങ്ങൾ ഒരിക്കലും അവരെ അലട്ടുന്നതേയില്ല. താനും അതുപോലെ പെരുമാറുമോ? ഒരു പക്ഷെ – താനും ബംഗാളിയല്ലേ? കാര്യം, അറിയപ്പെടുന്ന എഴുത്തുകാരനാണ്. ഈ പ്രശസ്തിയൊന്നും ചൊട്ടയിലെ ശീലങ്ങൾ മാറ്റുകയില്ലല്ലോ? സമയം അഞ്ചുമണി കഴിഞ്ഞു. മേഘങ്ങൾ ഒന്നുകൂടി സമ്മേളനം പോലെ അടുത്തു.

രാത്രിയും തണുപ്പും – സുധീർ വല്ലാത്തൊരു അവസ്ഥയിലേക്കു തന്നെ കൊണ്ടെത്തിച്ചിരിക്കുന്നു. ഇനി വായിക്കാൻ കഴിയുമെന്നു തോന്നുന്നില്ല. മനസ്സു ഒരിടത്തു നിൽക്കുന്നില്ല. ‘ഭാരത്’ വാരാന്തപ്പതിപ്പിൽ നിന്ന് കഥ ചോദിച്ചു വീണ്ടും വിളിച്ചിരുന്നു. ഒരു ‘പ്ലോട്ട്’ മനസ്സിൽ പതുക്കെ ഉയിർക്കുന്നു. ഒരു നോട്ടുബുക്കെടുത്ത് എന്തോ കുറിച്ചെങ്കിലും, ബാബുവിന് കൂടുതൽ ശ്രദ്ധിക്കാനായില്ല. ബോറടി സഹിക്കാതെ കാറിൽ നിന്നിറങ്ങി വീണ്ടും ഒരു സിഗററ്റ് കത്തിച്ച് ബാബു റോഡിന്റെ നടുവിൽ വന്നുനിന്നു. നിരത്ത് വല്ലാതെ വിജനം -മനസ്സാണെങ്കിൽ അതിവിജനം. ഈ അഖണ്ഡഭൂമിയിൽ താനെന്ന മനുഷ്യൻ മാത്രം – തനിച്ച്. ഒരു വല്ലാത്ത ഏകാന്തതയിൽ തികച്ചും അപ്രതീക്ഷിതമായി ബാബു ആ ‘നോക്കുകുത്തി’യെ തിരിച്ചറിഞ്ഞു. ഒരു ചെറിയ പച്ചക്കറി തോട്ടം പോലെ തോന്നിക്കുന്ന പാടത്തിനു നടുക്ക് വലിയൊരു മുളയിൽ തെളിഞ്ഞു കാണുന്ന ‘നോക്കുകുത്തി’. കരിങ്കണ്ണുകൾ തട്ടാതിരിക്കാൻ ആരോ കെട്ടിയുണ്ടാക്കിയതാണ്. ഒരു വരയൻ കുപ്പായത്തിൽ രണ്ടു കൈകളും നീട്ടിപ്പിടിച്ച്, തലയിൽ തല കീഴായി വലിയൊരു കുടം. കറുത്ത പെയിന്റടിച്ച കുടത്തിനു രണ്ട് വെളുത്ത വലിയ കണ്ണുകൾ. പക്ഷികളെ അകറ്റാൻ. അതു ശരിക്കും ഒരു മനുഷ്യനായി തോന്നിച്ചു. സൂര്യൻ പതുക്കെ മറ നീക്കി പുറത്തുവന്നപ്പോൾ, വെളിച്ചം അതിന്റെ മുകളിൽ പതിച്ചു.
കീറിയ ചുവപ്പിൽ കറുത്ത ചതുരങ്ങൾ എടുത്തുകാണിക്കുന്ന കള്ളി ഷർട്ട് – അത് എന്തോ ഓർമ്മിപ്പിക്കുന്നു. അതോ അതു മറ്റാരെയോ ഓർമ്മിപ്പിക്കുന്നുവോ? മ്രുഗാംഗബാബു ഉറക്കെ ആലോചിച്ചു. ഇല്ല, ഓർമ്മയിൽ വരുന്നില്ല. പക്ഷെ ഈ ഷർട്ടും അതിലെ ചതുരങ്ങളും വളരെ പരിചയമുള്ളതാണ്.

സമയം അഞ്ചുമണി കഴിഞ്ഞു. ഫ്ലാസ്കിൽനിന്നും പതുക്കെ ചായ പകർന്നു ഒരു കവിൾ കുടിച്ചു. ഇപ്പോൾ ഉന്മേഷം തോന്നുന്നു. സൂര്യൻ അതിന്റെ അവസാന ദർശനത്തിനുവേണ്ടി പുറത്തു
വന്നു. ഇനി അഞ്ചു-പത്തു നിമിഷത്തിൽ അവൻ അസ്തമിക്കും. ഇളം ചുവന്ന വെളിച്ചം നോക്കുകുത്തിയുടെ മേൽ വീഴുന്നു. ഒരു അംബാസ്സഡർ കാർ റോഡിന്റെ എതിർവശത്തുകൂടി വന്ന് ഒരു മിന്നായം പോലെ മറഞ്ഞു. ഇപ്പോൾ ഇരുട്ടിന്റെ നിശാവസ്ത്രം പതുക്കെ നിവരുന്നു. അര മണിക്കൂർ കൂടി കഴിഞ്ഞ് സൂധീറിനെ പ്രതീക്ഷിച്ചാൽ മതി.

ആ ‘നോക്കുകുത്തി’ – അറിയാതെ ബാബുവിന്റെ എല്ലാ ശ്രദ്ധയും അതിനു നേരെയായി. – ഏതോ അജ്ഞാത കാരണം കൊണ്ടാവാം, അതിനെത്തന്നെ ശ്രദ്ധിക്കാൻ ബാബു നിർബ്ബന്ധിതനായി. പതുക്കെ, പതുക്കെ അതിന്റെ നിറങ്ങൾ മാറുകയായി. പതുക്കെ ആ കൈകൾ അനങ്ങുന്നുവോ? അതിനു പതുക്കെ ഒരു മനുഷ്യന്റെ സ്വഭാവം വരുന്നുണ്ടോ? ആദ്യത്തെ മുളയ്ക്ക് സമീപം തന്നെ വേറൊരു മുളയുണ്ടോ? ആ വലിയ മുഖം, പതുക്കെ ചെറുതാവുന്നുവോ?

ഒരു സിഗററ്റ് കൂടി കത്തിക്കണോ? ബാബു ഒന്നുമറിയാതെ മറ്റൊരു നോക്കുകുത്തി പോലെ കാറിനരികിൽ കൈകളൂന്നി നിന്നു. ദൂരെ നിന്ന് നോക്കുകുത്തി പതുക്കെ നടന്നു വരുന്നുണ്ടോ? കണ്ണുകൾ ചിമ്മി, പതുക്കെ കൈകൾകൊണ്ട് തിരുമ്മി- ബാബുവിനു സംശയം തീരുന്നില്ല. അല്ല, അതു നടക്കുന്നുണ്ട്, മെല്ലെ മുന്നോട്ടു വരുന്നുണ്ട്. തീർച്ചയായും അതിനു രണ്ട് കാലുകളുമുണ്ട്. മുഖം -കുടമിരുന്ന സ്ഥാനത്ത്, മനുഷ്യരൂപം. പണ്ടെങ്ങോ കണ്ടു പഴകിയ ചതുരത്തിന്റെ ചുവപ്പും കറുപ്പുമുള്ള ഷർട്ട്. കീറിയ ധോത്തി.

”ബാബു” – നോക്കുകുത്തി സംസാരിക്കുന്നു. അത് നോക്കുകിത്തിയല്ല. ശരിക്കും സംസാരിക്കുന്ന ഒരു മനുഷ്യൻ. മനുഷ്യശബ്ദം- അതെ, അഭിരാമിന്റെ ശബ്ദം. പെട്ടെന്നു മ്രുഗാംഗബാബു തിരിച്ചറിഞ്ഞു. വർഷങ്ങൾക്കുമുമ്പ് തന്റെ വിശ്വസ്ത ഭൃത്യനായി കുറേക്കാലം കൂടെ കൊണ്ടുനടന്ന അഭിരാം!

ഒരിക്കൽ, ബാബു അവനോട് ചോദിച്ചിരുന്നു – ”നാട് എവിടെയാണ്?” ”മങ്കാർ”
അതെ, മങ്കാർ റയിൽവേസ്റ്റേഷനു സമീപമാണു പനാഗഡിനു മുമ്പുള്ള ഈ ഗ്രാമം. ബാബു ഭീതിദനായി, ശരിക്കും, കാറിൽ ചാഞ്ഞു. അഭിരാം ഇപ്പോൾ വളരെ അടുത്താണ്.

”ബാബുജി, എന്നെ മനസ്സിലായോ?”

”നീ….. അഭിരാം… അല്ലേ?”

”അപ്പോൾ ബാബുജിക്കെന്നെ മനസ്സിലായി, വർഷങ്ങൾ കഴിഞ്ഞാണെങ്കിലും.”

എല്ലാ ശക്തിയും സംഭരിച്ച് ബാബു പറഞ്ഞു –
”അതെ, നിന്റെ ഈ ഷർട്ടാണു നിന്നെ തിരിച്ചറിയാൻ സഹായിച്ചത്. മുമ്പൊരിക്കൽ ശീതൻ മൊശായുടെ കടയിൽനിന്ന് ഞാനല്ലേ നിനക്കിതു വാങ്ങിച്ചു തന്നത്?”
”ശരിക്കും, എന്തൊരോർമ്മ! ബാബു പറഞ്ഞത് നൂറ്റൊന്നു തവണ ശരിയാണ്. ഇത്രയൊക്കെയാണെങ്കിലും അന്നെന്തിനാണ് ബാബു എന്നെ തെറ്റിദ്ധരിച്ചത്?”

മ്രുഗാംഗബാബുവിന് പെട്ടെന്ന് ആ സംഭവം മുഴുവനും ഓർമ്മ വന്നു . ഏതാണ്ട് മൂന്നുകൊല്ലങ്ങൾക്കു മുമ്പാണ്. ഇരുപതിലേറേ കൊല്ലങ്ങളായി, എല്ലാവരും സ്നേഹിച്ചിരുന്ന, വിശ്വസിച്ചിരുന്ന അഭിരാം അന്നൊരു കള്ളനായി. മ്രുഗാംഗബാബുവിന്റെ സ്വർണ്ണ വാച്ച് – അതൊരു വിവാഹ സമ്മാനമായിരുന്നു – കാണാതായി. എല്ലാ സാഹചര്യങ്ങളും അഭിരാം അതു മോഷ്ടിച്ചുവെന്ന കള്ളസത്യത്തിലേക്കു കൊണ്ടെത്തിച്ചു. മ്രുഗാംഗബാബുവിന്റെ അച്ഛന്റെ വക ‘മഷി നോട്ടവും’ ‘കവടിനിരത്തലും’ കൂടിയായപ്പോൾ അത് മുഴുവനുമായി.

”അതിനുശേഷം എന്തുണ്ടായി എന്നു ബാബുവിനു അറിയാമോ?
അതിനുശേഷം ഞാൻ എവിടേയും പോയില്ല. എങ്ങും ജോലി കിട്ടിയതുമില്ല.’പ്ലൂരസി’ എന്ന മഹാവ്യാധിയും പിടിപെട്ടു. കുറേക്കാലം ഡോക്ടറും മരുന്നുകളുമായി കഴിഞ്ഞു. അതിനൊന്നും കയ്യിലുള്ള പൈസ തികഞ്ഞതുമില്ല. എന്റെ മകൻ ആ ഷർട്ട് സ്വന്തമാക്കി. കുറേക്കാലം അവനത് ഉപയോഗിച്ചു. കീറിത്തുടങ്ങിയപ്പോൾ ഇതാ ഈ നോക്കുകുത്തിക്ക് അത് സമ്മാനമായി. അങ്ങിനെ ഞാനൊരു നോക്കുകുത്തിയായി. എന്തിനെന്നറിയാമോ? എനിക്കറിയാം. ഒരിക്കൽ ബാബു വരുമെന്ന്. മരിച്ചെങ്കിലും എന്റെ ഹൃദയം മരിച്ചിട്ടില്ല. ബാബുവിനുവേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു. എല്ലാം പറയാൻ!”

‘എന്ത് പറയാൻ?’
‘ഇന്നു രാത്രി വീട്ടിലെത്തുമ്പോൾ നീല അലമാരയിലെ ലോക്കറിനു ചുവട്ടിൽ ചുവരിനു പിന്നിൽ ബാബു നോക്കണം. ആ വേലക്കാരൻ എല്ല ചുവരുകളും അടിക്കാറില്ല. ആ ചുവരിനു പിന്നിൽ ബാബുവിന്റെ സ്വർണ്ണവാച്ച് കിടക്കുന്നുണ്ട്. കഴിഞ്ഞ മൂന്നുവർഷമായി അത് അവിടെ കിടക്കുന്നു. അതു കണ്ടുകഴിയുമ്പോൾ, ബാബുവിനു ബോധ്യമാവും അഭിരാം കള്ളനായിരുന്നില്ലെന്ന്.”

അഭിരാം എന്ന മനുഷ്യരൂപം പതുക്കെ ഉലയാൻ തുടങ്ങി. രാത്രി ഒരു തിരശ്ശീല പോലെ താണിറങ്ങിവന്നു. മ്രുഗാംഗബാബുവിനു പിന്നിൽനിന്നു അഭിരാമിന്റെ ശബ്ദം വീണ്ടും കേൾക്കാനായി.

”ഓാ… ഇപ്പോൾ എന്തൊരു ആശ്വാസം! വർഷങ്ങൾ കുറേ കഴിഞ്ഞെങ്കിലും ഇന്നിത് പറയാനും ബാബുവിനെ കാണാനും കഴിഞ്ഞത് എന്റെ വലിയൊരാശ്വാസം തന്നെ. ഗുഡ് ബൈ, ബാബു! എനിക്ക് മടങ്ങേണ്ടിയിരിക്കുന്നു.”
അഭിരാം മെല്ലെ ചക്രവാളത്തിൽ മറഞ്ഞു.
”പെട്രോൾ കിട്ടി, ബാബു.”
ശബ്ദം കേട്ടപ്പോൾ മ്രുഗാംഗബാബു ഞെട്ടിയുണർന്നു. കുറച്ചു നേരമായി താൻ കാറിൽ മയങ്ങുകയായിരുന്നു. കയ്യിൽ കടലാസും പേനയും ഉണ്ട്. പുതിയ ‘പ്ലോട്ട്’ മനസ്സിൽ പതുക്കെ ഉയിർക്കുകയായിരുന്നു. അതിനിടയിലാണ് അറിയാതെ മയങ്ങിപ്പോയത്.

കണ്ണുകൾ തുറന്നതും ദൂരെ നോക്കുകുത്തിയെയാണു നോക്കിയത്. അതവിടത്തന്നെയുണ്ട്. അനക്കമില്ലാതെ!

വീട്ടിലെത്തിയതും ബാബു നേരെ ചെന്നത് നീല അലമാരയുടെ പിന്നിൽ.
അതാ, അവിടെത്തന്നെയുണ്ട് , ആ സ്വർണ്ണവാച്ച്!

ഒരു കാര്യം അപ്പോൾത്തന്നെ ബാബു തീരുമാനിച്ചു – ഇനിയെങ്കിലും നഷ്ടങ്ങളുടെ കണക്കെടുക്കാൻ ഒരു മഷിനോട്ടക്കാരനേയോ, കവിടിക്കാരനേയോ സമീപിക്കില്ല.


 

* പനാഗഡ് – കൊൽക്കത്തക്കും ദുർഗാപൂരിനും ഇടയ്ക്കുള്ള സ്ഥലം.

About Nandakumar B

കല്ലടിക്കോട് ബാലകൃഷ്ണക്കുറുപ്പിന്റേയും പദ്മിനി അമ്മയുടേയും മകനായി 1952-ൽ പാലക്കാട് ജില്ലയിലെ വടവന്നൂരിൽ ജനനം. ഫെഡറൽ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. 2012-ൽ വിരമിച്ചു. ഇതിനകം ഷെർലക്ക് ഹോംസ് കഥകൾ, ഡി.എച്ച്. ലോറൻസ് കഥകൾ(സുന്ദരിയായ സ്ത്രീയും മറ്റു കഥകളൂം), നിങ്ങൾക്കും സമ്പന്നനാകാം(വാലസ് ഡി വാറ്റ്ലസിന്റെ 'ദി സയൻസ് ഓഫ് ഗെറ്റിങ്ങ് റീച്ച്' എന്ന പുസ്തകത്തിന്റെ പരിഭാഷ) എന്നീ കൃതികൾ പൃസിദ്ധീകരിച്ചു. പരിഭാഷാരംഗത്ത് വളരെ സജീവം.

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *