വരുന്ന നവംബര്‍ 15ന് രാത്രി ആകാശത്തേക്ക് നോക്കാനുള്ള അവസരം കിട്ടിയാല്‍ ഒഴിവാക്കരുത്. ഒരു പക്ഷേ നിങ്ങള്‍ കാണുന്നത് ഒരു ആയുഷ്‌കാലത്തെ ഏറ്റവും ശോഭയുള്ളതും വലുതുമായ പൂര്‍ണ്ണ ചന്ദ്രനെയായിരിക്കും. 1948ന് ശേഷം ആദ്യമായാണ് ഇത്ര അടുത്ത് ചന്ദ്രനെ കാണാനാകുന്നത്. ഇനി ഇത്തരം പ്രതിഭാസം സംഭവിക്കണമെങ്കില്‍ 2034 വരെ കാത്തിരിക്കണം.
പൂര്‍ണ്ണചന്ദ്രനാവുകയും ഒപ്പം ഭൂമിയെ ചുറ്റുന്ന 27.3 ദിവസത്തെ കാലയളവില്‍ ഭൂമിക്ക് ഏറ്റവും അടുത്ത് എത്തുകയും ചെയ്താലാണ് സൂപ്പര്‍മൂണ്‍ എന്ന് പൊതുവേ വിളിക്കുന്നത്. ഈ ലക്ഷണങ്ങള്‍ക്കൊപ്പം അസാധാരണമായ വലിപ്പം കൂടി വരുന്നതോടെ എക്‌സ്ട്രാ സൂപ്പര്‍മൂണാണ് നവംബര്‍ 15ന് സംഭവിക്കുകയെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചു.
നവംബർ 15ന് പുലര്‍ച്ചെ 6.22 (in EST) മിനുറ്റാകുമ്പോഴാണ് ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അടുത്തെത്തുകയെന്നാണ് കണക്കാക്കപ്പെടുന്നത്. ആ സമയം ഭൂമിയില്‍ നിന്നും 3,56,509 കിലോമീറ്റര്‍ ദൂരത്തായിരിക്കും ചന്ദ്രന്‍ ഉണ്ടാകുക. ചന്ദ്രന്‍ ഭൂമിയില്‍ നിന്നും ഏറ്റവും അകലെയുള്ള ദൂരത്തേക്കാള്‍ അരലക്ഷത്തിലേറെ കിലോമീറ്റര്‍ ഭൂമിക്കടുത്താണ് ഇത്. പരമാവധി ദൂരത്തുള്ള ചന്ദ്രനെ അപേക്ഷിച്ച് 14 ശതമാനം വലുതും 30 ശതമാനം പ്രകാശപൂരിതവുമാകും നവംബര്‍ 15ലെ ചന്ദ്രന്‍.
സൂപ്പര്‍മൂണിന്റെ അവസരത്തില്‍ പതിവില്ലാത്തവിധം രാത്രിയില്‍ ആകാശം നീല നിറം കലര്‍ന്നതാകും. പ്രത്യേകിച്ചും നഗരങ്ങളില്‍ നിന്നും ദൂരെയുള്ള ഭൂമിയില്‍ നിന്നുള്ള പ്രകാശത്തിന്റെ അലോസരങ്ങളില്ലാത്ത പ്രദേശങ്ങളില്‍. സൂപ്പര്‍മൂണ്‍ എന്ന പ്രതിഭാസം അത്രമേല്‍ അപൂര്‍വ്വമല്ല. ഈ വര്‍ഷം തന്നെ അവസാനത്തെ മൂന്ന് മാസങ്ങളും സൂപ്പര്‍മൂണിന്റെ പരിധിയില്‍ പെടുന്നതാണ്. എന്നാല്‍ എക്‌സ്ട്രാ സൂപ്പര്‍മൂണ്‍ അങ്ങനെയല്ല. അതുകൊണ്ട് ആയുഷ്‌കാലത്തെ പൗര്‍ണമി നഷ്ടപ്പെടുത്തരുതെന്നുണ്ടെങ്കില്‍ നവംബര്‍ 15ന് ആകാശത്തേക്ക് നോക്കിയിരുന്നോളൂ…
68 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത്തരമൊരു സൂപ്പർമൂൺ പ്രത്യക്ഷമാകുന്നത്. ഇത് സർവനാശത്തിന്റെ ആരംഭമെന്നാണ് ഒരുവിഭാഗം ഗൂഢാലോചന സിദ്ധാന്തക്കാർ പറയുന്നത്. പൂര്‍ണ്ണ ചന്ദ്രന്‍ ഭീതിയാണ് കാണിക്കുന്നത്. യേശുവിന്റെ രണ്ടാം വരവിന്റെ സൂചനയാണ് ഇതെന്നാണ് ഗൂഢാലോചന സിദ്ധാന്തക്കാരുടെ വാദം. യേശുവിന്റെ കല്ലറ തുറക്കുന്നതും സൂപ്പർമൂൺ പ്രത്യക്ഷപ്പെടുന്നതും ഒരേസമയത്തായതിനാൽ സിദ്ധാന്തക്കാരെ ആശങ്കയിലാഴ്ത്തുന്നു..
സമ്പാദകൻ:- അഹ്‌ലുദേവ്