ക്ഷണികമീ ജീവിതം

പോംപേ എന്ന നഗരത്തെ പറ്റി കേട്ടിട്ടുണ്ടോ ? ഒരു കാലത്തു റോമിലെ ഒരു പ്രധാന നഗരമായിരുന്ന ഈ പോംപെ ഇല്ലാതായതു വെറും നിമിഷനേരംകൊണ്ടാണ്…!! ക്രിസ്തൗബ്ദം 79 ൽ നടന്ന ഒരു ദുരന്തം ഈ നഗരത്തെ ഇതിഹാസത്തിന്റെ താളുകളിൽ നിന്നു തന്നെ മായ്ച്ചു കളയുകയായിരുന്നു… വെസുവിയസ് എന്ന അഗ്നിപർവ്വത സ്ഫോടനമായിരുന്നു ഈ നഗരത്തിനു ദുരന്തം വിതച്ചത്. ഈയൊരു ദുരന്തത്തിൽ പൊലിഞ്ഞത് ഏതാണ്ട് 11000 – 25000 ജീവിതങ്ങൾ!! പെട്ടെന്നൊരു ഉച്ച സമയത്തായിരുന്നു ആ അഗ്നിപർവ്വതം തന്റെ ഉള്ളിലെ തിളയ്ക്കുന്ന ലാവ തുപ്പിത്തുടങ്ങിയത്. അഗ്നിപർവ്വതത്തിൽനിന്ന് പുറത്തേക്കൊഴുകിയ ലാവയുടെ ഉഷ്ണം 250°-350°c ആയിരുന്നതിനാൽ നിമിഷനേരംകൊണ്ടു തന്നെ ആ താപത്തിന്റെ തീവ്രതയിൽ അവിടുള്ള എല്ലാ ജീവജാലങ്ങളും പൊലിഞ്ഞുവീണു!. മരണത്തെ തുടർന്ന് രണ്ടു മണിക്കുറുകൾക്ക് ശേഷം ശരീരത്തിൽ തുടങ്ങന്ന മരവിപ്പ് ആ ശരീരങ്ങളിൽ ഉയർന്ന താപം കാരണം മരണത്തിനൊപ്പം തന്നെ സംഭവിച്ചതിനാൽ ജീവിതത്തിന്റെ അവസാന നിമിഷത്തിലെ അതെ ഭാവത്തിൽ തന്നെ അവർ മരിച്ചു!! നിന്നവർ നിന്ന നിൽപ്പിൽ തന്നെ. ഇരുന്നവർ അതേ ഇരുപ്പിൽ. പ്രണയതീവ്രതയിൽ അലിഞ്ഞുചേർന്നവർ കിടപ്പറയിൽ നിശ്ചലമായി മരിച്ചു! മുട്ടുകാലിൽ ഇഴഞ്ഞ കുഞ്ഞും, അതുകണ്ടു രസിച്ച അമ്മയും അതേ ഭാവത്തിൽ അവർപോലും അറിയാതെ ജീവച്ഛവമായി തീർന്നു !!!അഗ്നിപർവ്വതത്തിൽ നിന്നുയർന്ന ചാരവും ലാവയും ആ നഗരത്തെ സമ്പൂർണമായും മൂടിക്കളയുകയായിരുന്നു. 4 – 6 മീറ്ററോളം ഉയരത്തിൽ ഈ ആവരണം നഗരത്തെ പൊതിഞ്ഞതിനാൽ അന്തരീക്ഷത്തിലെ വായുവും, ഈർപ്പവും ശവശരീരങ്ങളിൽ ഏൽക്കാത്തതിനാൽ ശരീരങ്ങൾ നശിക്കാതെ ശിലാരൂപം പ്രാപിച്ചു! പിന്നീട് ആണ്ടുകൾക്ക് ശേഷം ഒരു ഖനനത്തിനിടയിൽ ആ നഗരത്തിന്റെ അവശിഷ്ടങ്ങളെ കണ്ടെത്തുകയും , പോംപെ നഗരത്തെ പറ്റി ഈ ലോകം അറിയുകയും ചെയ്തു…

ഒരു സുഹൃത്തിൽ നിന്നായിരുന്നു ഞാൻ ആദ്യമായി പോംപെ നഗരത്തെ പറ്റി കേൾക്കുന്നത്. എല്ലാം ഒരു നിമിഷത്തിൽത്തന്നെ, ഓർക്കാപ്പുറത്ത് അവസാനിച്ച രീതി കേട്ടപ്പോൾ ആശ്ചര്യവും വിഷമവും തോന്നി….. സത്യത്തിൽ എത്ര ക്ഷണികമാണീ ജീവിതം.. അല്ലേ?!!!! കണ്ണിമ ചിമ്മി തുറക്കുന്ന നേരംകൊണ്ട് എന്തെല്ലാം സംഭവങ്ങൾ!! ഒരു മനുഷ്യന്റെ ശരാശരി ആയുസ്സെന്നത് 70 വർഷമാണ്, അതായത് വെറും 840 മാസം! കൃത്യമായി പറഞ്ഞാൽ 36,816,413 നിമിഷങ്ങൾ മാത്രം!!! ഇതിന് ഇടയ്ക്ക് എവിടെയോ നമ്മള്‍ അവസാനിക്കുന്നു… ഒന്നു ചിന്തിച്ചു നോക്കിയാല്‍ ഇതില്‍ എത്ര നിമിഷം നമ്മള്‍ വിഷമിച്ചും, കരഞ്ഞും, മരവിച്ചും ജീവിക്കാന്‍ മറന്നുപോയിരിക്കുന്നു…!! എത്രനാളുകള്‍ കഴിഞ്ഞതിനെ പറ്റിയും, വിഷമങ്ങളെ എണ്ണിയും, ഭാവിയെ ഭയന്നും തലയിണയെ കണ്ണീരില്‍ കുതിര്‍ത്തും, പകലുകള്‍ മടിപിടിച്ചും മരണത്തെ വിളിച്ചും കിടന്ന് സ്വയം ശപിച്ചും, ആരെയൊക്കെയോ പ്രാകിയും കളഞ്ഞിട്ടുണ്ടാകും!!…… പുതിയ പ്രതീക്ഷകളുമായി ഒരു പുത്തന്‍ ദിനം വന്നെത്തിയാലും നമ്മുടെ മനസ്സു മാത്രം ഇന്നലെകളുടെ വേലിയിലെ പഴയ വേദനിപ്പിക്കുന്ന ഓര്‍മ്മകളിൽ കുടുങ്ങിക്കിടന്ന് നമ്മള്‍ പോലും അറിയാതെ മനസ്സില്‍ പലപ്പോഴും ചോര പൊടിയിക്കും…. ഇന്നലെകൾ കഴിഞ്ഞുപോയൊരു അദ്ധ്യായമാണെന്ന് നമുക്കെല്ലാം അറിയാമെങ്കിലും നമ്മളിൽ എത്ര പേർ പൂർണമായും ഈ നിമിഷത്തിൽ ജീവിക്കുന്നുണ്ട്? ഒന്നുകിൽ നമ്മൾ കഴിഞ്ഞതിന്റെ ഓർമകളിലായിരിക്കും; അല്ലെങ്കിൽ നാളെയുടെ ഭീതിയിൽ!!! ഇന്ന് എന്നത് നമുക്ക് ഈശ്വരന്റെ വിലയേറിയ സമ്മാനമാണ്… അതുകൊണ്ട് തന്നെയാണ് ഇന്നിനെ “പ്രസന്റ് ” എന്ന് പറയുന്നതും… കുറ്റം പറയാതെ ഇരു കൈയും നീട്ടി അതിനെ ആഘോഷമാക്കി ജീവിക്കണം.. ഭാഗ്യമോ, നിർഭാഗ്യമോ എന്തുമാവട്ടെ.. നിങ്ങളുടെ ദൗത്യം പൂർത്തീകരിക്കണം…. ദുഃഖങ്ങളെ മണലില്‍ കുറിക്കണമെന്നാണ് പറയാറ്. പുതിയ തുടിപ്പിന്റെ തിര തീരത്താഞ്ഞടിക്കുമ്പോള്‍ എല്ലാം മാഞ്ഞുപോകും … പക്ഷെ ,നമ്മള്‍ അതിനെ ഹൃദയത്തിലാണ് കുറിക്കുന്നത്… വീഴ്ചകളേയും, വേദനകളേയും, തോല്‍വിയേയും, തെറ്റുകളെയുമൊക്കെ കൊണ്ടുനടന്നാല്‍ ഈ ഭാരം നമ്മളെ കൂടുതല്‍ താഴ്ത്തുകയേയുള്ളു.. ദുഃഖങ്ങള്‍ ഒരിക്കലും ആരെയും പിന്തുടരില്ല. മറിച്ച് നമ്മളാണ് അതിനേയും പേറി നടക്കുന്നത്.. പൊഴിഞ്ഞ് വീണ ഇലകളെ ഓര്‍ത്തും ,തൊട്ടും ഇരുന്നിരുന്നെങ്കില്‍ മരങ്ങള്‍ ആകാശത്തോളം ഉയര്‍ന്ന് തണലേകില്ലായിരുന്നു… മനുഷ്യന്‍ മാത്രമായിരിക്കും ഓര്‍മകളുടെ ഭയത്തില്‍ ഇന്നത്തെ സന്തോഷത്തേയും, സമാധാനത്തേയും നശിപ്പിക്കുന്നത്….. ഉപയോഗിച്ചു കഴിഞ്ഞു വലിച്ചെറിയപ്പെട്ടവ യോട് നമ്മള്‍ കാണിക്കുന്ന പുച്ഛമെന്തുകൊണ്ട് ഈ കാര്യത്തില്‍ മാത്രം മറന്നുപോകുന്നു? ഇന്നലെകളില്‍ നമ്മള്‍ കെട്ടിയാടിയ വേഷമെന്തുമാവട്ടെ അതഴിച്ചു വച്ച് മുന്നോട്ട് പോയേ പറ്റൂ … ഒരു ഇറക്കത്തിന് ഒരു കയറ്റം ഉറപ്പാണ്.. ഇനി വരുന്ന നാളുകള്‍ നമുക്ക് നല്ലതേകും.. അതിനായി ഇനി നമുക്ക് എല്ലാ മസിലുപിടുത്തങ്ങളും ഒഴിവാക്കി ഈ നിമിഷത്തെ ആസ്വദിക്കാം. കുഞ്ഞുങ്ങൾക്കിടയിൽ ഒരു കുഞ്ഞായി, ഭാവനയുടെ വാതിൽ തള്ളിത്തുറന്ന് ചെറിയ ലോകത്തിലെ വലിയ തമ്പുരാനും, തമ്പുരാട്ടിയുമായി വാണു തുടങ്ങാം. . . .

About Dr. Amritha Bhavesh

Dr. Amritha Baveesh, works at welfare hospital Bhatkal Karnataka. Home town Vadakara, Kozhikode dist.

Check Also

ചുരുളൻ മുടിയുള്ള പെൺകുട്ടി

ഓണക്കോടി ഷർട്ടും പുതിയ കസവുമുണ്ടുമെടുത്ത് ഞാൻ ഇന്നൊരു കല്യാണത്തിന് പോയി. പോകുമ്പോൾ അമ്മ പറഞ്ഞു ” അഴകിയ രാവണൻ എങ്ങോട്ടാ …

Leave a Reply

Your email address will not be published. Required fields are marked *