എക്കോ.. ഭാഗം എട്ട്

echo8

നിരൂപണം പക്ഷപാത പരമാവണം” എന്ന പൂർവ്വ സൂരിയുടെ വാക്കുകൾ എനിക്ക് ആപ്തവാക്യമാണ്. പക്ഷപാതപരമെന്നു പറയുമ്പോൾ ഒന്നുകിൽ ഖണ്ഡന പക്ഷമോ അല്ലെങ്കിൽ മണ്ഡന പക്ഷമോ അതായത് ഒന്നുകിൽ സൃഷ്ടിയോടു യോജിച്ച് അതല്ലെങ്കിൽ വിയോജിച്ച്. ഇതിൽ മണ്ഡന രീതിയാണ് ഞാൻ അനുവർത്തിക്കുന്നത്. അതിൽത്തന്നെ ഞാൻ വിമർശനങ്ങൾ ഉയർത്തിയിട്ടുമുണ്ട്. എന്റെ ഈ രീതി വായനയ്ക്ക് ബുദ്ധിമുട്ടാകുന്നുവെങ്കിൽ അതെനിക്ക് വിഷയമല്ല. ഒരു മനുഷ്യൻ അവന്റെ അസ്തിത്വം സ്വയം തിരിച്ചറിയുന്നതെങ്ങനെയെന്നതിന്റെ ആധികാരിക രേഖകകളിലൊന്നാണ് പ്രൊഫസർ ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥയായ ‘കൊഴിഞ്ഞ ഇലകൾ . പണമില്ലാത്തവൻ പഠിക്കാൻ പോകുന്നതിനെ പരിഹസിച്ച ധനാഢ്യന്റെ വാക്കുകൾ നൽകിയ വേദനയിൽ ഉരുത്തിരിഞ്ഞ വാശിയിൽ ഉരുവം കൊണ്ട ആർജ്ജവമായിരുന്നു ജോസഫ് മുണ്ടശ്ശേരിയെന്ന അക്ഷര സുകൃതം. ‘കൊഴിഞ്ഞ ഇലകളു’ടെ ഒന്നാമധ്യായത്തിൽ അദ്ദേഹമെഴുതിയിട്ടുണ്ട്; “പണമില്ലാത്തവന് ഉയർന്ന ക്ലാസ്സിൽ ചേർന്നു പഠിക്കാൻ വയ്യെന്നോ ബുദ്ധിയുണ്ടായാൽപ്പോലും? അന്നു ഞാൻ പ്രതിജ്ഞ ചെയ്തു. ഉയർന്നു പഠിച്ചേ ഇരിക്കു എന്ന്. മാത്രമല്ല, ബുദ്ധിയുണ്ടായാൽ ആർക്കും എവിടെക്കയറിയും പഠിച്ചു പാസാവാൻ ഒക്കണം എന്നുള്ള ഒരു പുതിയ നീതിക്ക് വേണ്ടി ഭാവിയിൽ ചെയ്യാവുന്നതൊക്കെ ചെയ്യണം എന്നൊരു വാശി താനേ ഉളവാകുകയും ചെയ്തു.” അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽപ്പറഞ്ഞാൽ അതൊരു ‘ മാറ്റൊലി’യായിരുന്നു. ആ മാറ്റൊലിയുടെ മികച്ച ഫലശ്രുതികളിലൊന്നായിരുന്നു ഒന്നാം ഇ. എം. എസ്. മന്ത്രിസഭയിൽ അവതരിപ്പിക്കപ്പെട്ടതും ആധുനിക കേരള ചരിത്രത്തിന്റെ ഏടുകളിൽ തങ്ക ലിപികളിൽ എഴുതിച്ചേർക്കപ്പെട്ടതുമായ വിദ്യഭ്യാസ ബില്ല്.

വായിച്ചു പോയാൽ പുസ്തകം കത്തിച്ചു കളയുന്ന, ഗൃഹാന്തരീക്ഷവും ആശയം തുറന്നു പറഞ്ഞാൽ കലിതുള്ളി തലക്കെട്ട് മുറുക്കുന്ന പുരോഹിതവർഗ്ഗത്തെയും ഗുരുക്കന്മാരിൽ പോലുമുള്ള വർണ വിവേചനങ്ങളും തിരിച്ചറിഞ്ഞ ബാല്യ യൗവ്വനങ്ങളിലെക്കാര്യം; “അന്നത്തെ പൊതു ജീവിതത്തിൽ ജാതിയും സമുദായവും വല്ലാത്തൊരു ശിഥിലീകരണ ശക്തിയായിരുന്നു” എന്ന ഒറ്റ വരിയിൽ എഴുതി സമർത്ഥിക്കുന്നുണ്ട് മുണ്ടശ്ശേരി. 1907-ൽ മൂർക്കോത്ത് കുമാരൻ പത്രാധിപരായ ‘മിതവാദി’ മാസികയിലാണ് കുമാരനാശാന്റെ ‘വീണ പൂവ്’ ആദ്യമായി അച്ചടിക്കപ്പെട്ടത്. അന്നത് വേണ്ടത്ര പരിഗണിക്കപ്പെട്ടില്ല. പിന്നീടത് സി. എസ്. സുബ്രഹ്മണ്യൻ പോറ്റി കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള പത്രാധിപരായ ‘ഭാഷാ പോഷിണി’യിൽ പ്രസിദ്ധീകരിച്ചപ്പോഴാണ് ശ്രദ്ധിക്കപ്പെട്ടതെന്നത് പരക്കെ അറിയപ്പെട്ട കാര്യമാണ് ‘കൊഴിഞ്ഞ ഇലകളിൽ’ മുണ്ടശ്ശേരി അത് പരാമർശിക്കുന്നത്. “വീണ പൂവ് എന്ന കവിത ഒന്നാമതു പ്രസിദ്ധീകരിച്ചതു കോഴിക്കോട്ടു നിന്നിറങ്ങിയിരുന്ന മിതവാദിയിലായിരുന്നു. ഈഴവന്റെ പത്രത്തിലെന്നർത്ഥം. പിന്നീടു ശ്രീമാൻ സുബ്രഹ്മണ്യൻ പോറ്റി ആക്കവിതയെ ഭാഷാ പോഷിണിയിലൂടെ വീണ്ടും പ്രസിദ്ധീകരിച്ചപ്പോഴേ ആശാന് സാഹിത്യത്തിന്റെ ഔദ്യോഗിക മണ്ഡലത്തിൽ അഡ്രസുണ്ടായുള്ളൂ” എന്നെഴുതുമ്പോൾ തന്നെയൂഹിക്കാം അക്കാലത്ത് സാഹിത്യത്തിൽപ്പോലും നില നിന്നിരുന്ന ജാത്യാദി വിവേചനങ്ങളുടെ കാഠിന്യം എത്രത്തോളം ആഴത്തിലുള്ളതായിരുന്നുവെന്ന്. മഹാകവി വള്ളത്തോളിന്റെ ‘മഗ്ദലന മറിയം’ ‘വീണ പൂവി’നോളം മുറിവേറ്റതല്ലെങ്കിലും അന്നത്തെ ഹൈന്ദവ ക്രൈസ്തവ മനസ്സുകളിൽ അതുണ്ടാക്കിയ മുറു മുറുപ്പ് കൃത്യമായി രേഖപ്പെടുത്തുന്നുണ്ട് മുണ്ടശ്ശേരി.

“അഴകേറും ഭിക്ഷുവും അപ്പേരാലും വഴിയും കിണറും പരിസരവും” എന്ന് ആശാൻ പറഞ്ഞതുപോലെ തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ് കോളേജും പരിസരവും മുണ്ടശ്ശേരിയുടെ ജീവിതത്തെ വ്യാഖ്യാനിച്ചതെങ്ങനെയെന്ന് ഒരു സാഹിത്യ സിദ്ധാന്തത്തിനും നിർവചിക്കാൻ കഴിയില്ല. അത് വായനയിൽ അനുഭവിക്കുക തന്നെ വേണം. ഭാരത വിലാസം പ്രസ്സും കോളേജുദ്യോഗവും ചേർത്തു പിടിച്ചു നടത്തിയ ഒരു സാഹിത്യ ജീവിതം ഒരലങ്കാരം തന്നെയാണ് ഈ പുസ്തകത്തിന്. ‘എം. പി. പോൾസ് ട്യൂട്ടോറിയൽസ്’ എന്ന സ്ഥാപനം അക്കാലത്തെ കൊടുങ്കാറ്റായിരുന്നു എന്നാണ് മുണ്ടശ്ശേരി പക്ഷം. പ്രണയ മോഹം കലശലായുണ്ടായ മുണ്ടശ്ശേരി മാഷിന് സാമ്പിളിനു പോലുമൊരു പെണ്ണിനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന തുറന്നു പറച്ചിലും താൻ തനിക്കു വന്ന കല്യാണാലോചന നിരസിച്ചതിനെത്തുടർന്ന് ആ പെൺകുട്ടി കന്യാമഠം കയറുന്ന കാഴ്ച ഇന്നും വേദനയാണെന്നുപറയുന്നത് ഒരു മികച്ച ആഖ്യായിക പോലെ വായിക്കാം.

അത്മകഥയിൽ വ്യക്തി പരിസരം വിശദമാക്കുന്ന സാധാരണ രീതികളെ കാറ്റിൽപ്പറത്തി സാമൂഹിക വിഷയങ്ങളും അതിലെ ഇടപെടലുകളും ഇതര സാഹിത്യ കൃതികളും സാഹിത്യകാരന്മാരും അവരുടെ അന്തർഗതങ്ങളും സ്വന്തം ജീവിതവും ജീവിത വീക്ഷണങ്ങളും നിരൂപണ വിമർശനങ്ങളും ചടുല ഭാഷയും രചനാ പരമായ സൗന്ദര്യവും തനിമയും കയ്യടക്കവും സ്നേഹ വ്യാപനത്തിന്റെയിന്ധനങ്ങളുമടക്കം ചേർത്തു വച്ച ഒരക്ഷരച്ചെപ്പിന് ‘കൊഴിഞ്ഞ ഇലകൾ’ എന്ന് നാമകരണം ചെയ്തപ്പോൾ അത് ചരിത്രമാവുകയായിരുന്നു. മലയാള സാഹിത്യ രചനയുടെ യശ്ശസ്തംഭമാകുന്ന ചരിത്രം !!!

കാവ്യ നിരൂപണത്തിന്റെ വരും വരായ്കകളും പോരായ്മകളും തുറന്നു കാണിക്കുന്ന രീതി. പോരായ്മകൾക്ക് പരിഹാരം കാണേണ്ട രീതി. അത് സംവദിക്കപ്പെടേണ്ട രീതി തുടങ്ങിയവയൊക്കെ ഇതിൽ ഒളിഞ്ഞും തെളിഞ്ഞും കടന്നു പോകുന്നുണ്ട്. ചേലനാട്ട് അച്യുത മേനോൻ, കേസരി ബാലകൃഷ്ണ പിള്ള, സർദാർ കെ. എം. പണിക്കർ, ഉള്ളൂർ, കൃഷ്ണൻ നായർ തുടങ്ങി നിരവധി സാഹിത്യ വിശാരദന്മാർ ‘കൊഴിഞ്ഞ ഇലകൾ’ എന്ന വർണ്ണക്കൂടാരത്തിൽ പരാമർശിക്കപ്പെടുന്ന വൈയ്യക്തിക സൗന്ദര്യങ്ങളാണ്.മലയാള ആത്മകഥാ സാഹിത്യത്തിനും വിശിഷ്യാ മലയാള സാഹിത്യത്തിനു മൊത്തത്തിലും ശിരോലിഖിതമാകുന്ന ‘കൊഴിഞ്ഞ ഇലകൾ’ പുതിയ തലമുറ വായിച്ചിരിക്കേണ്ടതാണെന്നാണ് എന്റെ അഭിപ്രായം.

About Santhosh S Cherumood

1974 മാർച്ച് 31ന് കൊല്ലം ജില്ലയിലെ കുണ്ടറയ്ക്ക് സമീപം ചെറുമൂട്ടിൽ ജനനം. സമാന്തര വിദ്യാഭ്യാസരംഗത്ത് മലയാള ബിരുദാനന്തര ബിരുദ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. വായനയിലും എഴുത്തിലും സജീവം. കവിയും നിരൂപകനുമാണ്. ഖണ്ഡനവും മണ്ഡനവും ഒരുപോലെ വഴങ്ങുന്ന കരുത്തുറ്റ നിരൂപണശൈലിയുടെ ഉടമ.

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *