ഇവിടെ ‘രാമചരിതം’ മുതൽ തന്നെ കുറിക്കണമെന്നാണ് അതിയായ ആഗ്രഹം. അത് വഴിയേ ശ്രമിക്കാം. മഹിത മലയാളത്തിന്റെ വളർച്ച പാട്ട് സാഹിത്യവും മണിപ്രവാളവും കടന്ന് ചെറുശ്ശേരി തുഞ്ചൻ കുഞ്ചൻ തുടങ്ങിയവരിൽ നിന്ന് പുതിയ രൂപം കൈവരിച്ചതോടെ അതിന് മികവും മിഴിവും കൂടുകയാണുണ്ടായത്. ചെറുശ്ശേരി വർണ്ണനാ പരമായ ഉപമാ സൗന്ദര്യങ്ങളിലൂടെ സ്വകീയമായൊരു ഭാഷാ ഗേഹം പണിതുയർത്തിയപ്പോൾ എഴുത്തച്ഛൻ ഭക്തിയിലൂടെ ഒരു സമൂഹത്തിൽ നില നിന്നിരുന്ന ദുഷ്കൃതികളെ ഉന്മൂലനം ചെയ്ത് ഒരു പുതിയ സമൂഹ ശരീരം നിർമ്മിച്ചേ അടങ്ങൂവെന്ന വാശിയോടെ കാർക്കശ്യത്തിലൂടെത്തന്നെ ഭക്ത്യധിഷ്ഠിതമായൊരു ഭാഷയൊരുക്കി. തന്മൂലം ചെറുശ്ശേരി മുതൽ പേരിലൂടെ മലയാളത്തിൽ രൂഢമൂലമായിപ്പോയൊരു പ്രാദേശിക ഭാഷാ സാങ്കര്യം തകർക്കപ്പെട്ടു. പകരം കേരളം പൊതുവായംഗീകരിക്കുന്ന ഒരേകീകൃത ഭാഷാ സംവിധാനം രൂപപ്പെട്ടു. നമ്പ്യാർ ചാട്ടുളി പോലെ അസമത്വങ്ങൾക്കെതിരെ ആഞ്ഞടിച്ചു. ഈയവസരത്തിൽ കാലഘട്ടം ആവശ്യപ്പെട്ടതു പോലെയായിരുന്നു പൂന്താനം എന്ന വിശ്വമാനവികമായ അക്ഷര രൂപത്തിന്റെ അവതാരം. “മലയാളത്തിന്റെ മനസ്സാണ് പൂന്താനം. അതിൽ കരടോ കളങ്കമോ ലവലേശമില്ല. പരമ പവിത്രമായ ഭക്തി ലഹരിയിൽ അതു സദാ മുഗ്ദമാണ്. മനുഷ്യ സ്നേഹത്താൽ അത് കാലത്തെ സുഗന്ധ പൂരിതമാക്കുന്നു. ധർമ്മ ചിന്തയുടെ നിതാന്ത സ്രോതസ്സാണത്. അധർമ്മത്തിനും അനീതിക്കുമെതിരെ ഉരുകിയൊലിക്കുന്ന നവനീതമാണത്. സമുദായത്തിനും സമൂഹത്തിനും മാത്രമല്ല, മനുഷ്യരാശിക്കാക മാനം മുങ്ങിപ്പൊങ്ങി ധന്യത നേടാൻ തക്ക ഔഷധ വീര്യവും വിശുദ്ധിയുമുള്ള സാരസ്വതമാണ് പൂന്താനം കൃതികൾ” എന്ന ഡോ: എഴുമറ്റൂർ രാജ രാജ വർമ്മയുടെ (അവതാരിക – പൂന്താനം കൃതികൾ ഡി.സി.ബി. പ്രസിദ്ധീകരണം) വാക്കുകളിലൂടെ പൂന്താന കവിയെ കാലികമായി വായിക്കാം.
‘ജ്ഞാനപ്പാന’യെന്ന നര വംശ ശാസ്ത്ര വിശകലനത്തിലൂടെയാണ് പൂന്താന പ്രതിഭ ഏറെ പ്രകീർത്തിക്കപ്പെട്ടത്. മനുഷ്യ ജന്മമെന്ന നിരർത്ഥകതയെ അതിന്റെ ക്രൂര ദുഃഖത്തിൽ നിന്നു വേർപെടുത്താനായി മാനവ വംശത്തിന് പൂന്താനം എന്ന ഭക്ത കാവ്യ ഭിഷഗ്വരൻ നിർദ്ദേശിച്ച മൃത സഞ്ജീവനിയാണ് ‘ജ്ഞാനപ്പാന. മനുഷ്യന് അതിലെല്ലാമുപരിയായ തന്റെ നേർ പരിസരത്തിന് നൽകുവാൻ തന്റെയുള്ളിലുള്ള കറകളഞ്ഞ ഭക്തി മാത്രമേയുള്ളുവെന്നും അത് താൻ ഭഗവാങ്കൽ സമർപ്പിക്കുന്നു. അത് നിങ്ങൾ എടുത്തു കൊള്ളുകയെന്നുമുള്ള പൂന്താനത്തിന്റെ പ്രസ്താവനയാണ് ‘ജ്ഞാനപ്പാന’.
“ഗുരു നാഥൻ തുണ ചെയ്ക സന്തതം
തിരു നാമങ്ങൾ നാവിന്മേലെപ്പൊഴും
പിരിയാതെയിരിക്കേണം നമ്മുടെ
നരജന്മം സഫലമാക്കീടുവാൻ”
എന്ന പ്രാരംഭ വരികൾത്തന്നെയാണ് മുകളിൽപ്പറഞ്ഞതിന് ഏറ്റവും വലിയ തെളിവ്.
“പല ജാതിയിവണ്ണം പറകയും
വളകൾ തിരു കയ്യിൽ കിലുക്കിയും
പീലിക്കാർകൂന്തൽ കെട്ടങ്ങഴികയും
നീലക്കണ്ണിണ മാഴ്കിച്ചമയ്കയും
പട്ടു പൂന്തുകിലൊട്ടൊട്ടികയും
ഭക്തരെച്ചൊല്ലി മണ്ടിക്കിതയ്ക്കയും
പങ്കജാക്ഷൻ തിരുമനക്കാമ്പതിൽ
സങ്കടങ്ങളിതെന്തേ പറയാവൂ”
എന്ന് ‘കുമാര ഹരണം പാന’യിൽ പറയുന്നതിലൂടെ പൂന്താനം എന്ന ഉത്തമ ഭക്തൻ ഭക്ത വത്സലനായ ഭഗവാനെ വൈഭവ വൈദഗ്ദ്യങ്ങളോടെ കാട്ടിക്കൊടുക്കുമ്പോൾ പൂന്താനം എന്ന കവി ഭാവനാ പൂർണ്ണമായ തന്റെ രചനാ ലാളിത്യം ഏറ്റക്കുറച്ചിലില്ലാതെ വരച്ചിട്ടിരിക്കുന്നു. ലോക സാഹിത്യത്തിൽത്തന്നെ സ്തുതി ഗീതങ്ങളുടെ ചക്ര വർത്തിയാണ് പൂന്താനം.
“അമ്പോടു മീനായി വേദങ്ങൾ മിണ്ടീടു-
മംബുജ നാഭനെക്കൈ തൊഴുന്നേൻ
ആമയായ് മന്ദരം താങ്ങി നിന്നീടുന്ന
താമരക്കണ്ണനെക്കൈ തൊഴുന്നേൻ
ഇക്ഷിതിയെപ്പണ്ടു പന്നിയായ് വീണ്ടീടും
ലക്ഷ്മീ വരനാഥ കൈ തൊഴുന്നേൻ”
എന്ന് ‘ദശാവതാര സ്തോത്ര’ത്തിലും
“മലർ മാതിൻ കാന്തൻ വസുദേവാത്മജൻ
പുലർകാലേ പാടിക്കുഴലൂതി
ചെലു ചെലെയെന്നു കിലുങ്ങും കാഞ്ചന
ചിലമ്പിട്ടോടി വാ കണി കാണാൻ”
എന്ന് ‘നരക വൈരി സ്തോത്ര’ത്തിലും
“പാവനായ പരാത്മനേ
പുരുഷോത്തമായ നമോസ്തുതേ
പാപ ഹര ജയ പരമ കാരുണ
പുരാണ പുരുഷ നമോസ്തുതേ”
യെന്ന് ‘വാസുദേവ സ്തവ’ത്തിലും പറയുന്നിടത്ത് പൂന്താനം എന്ന മനുഷ്യ സംസ്ക്കാരവും ആ മഹാത്മാവിന്റെയുള്ളിലെ പരമ ഭക്തനും മഹാ സാത്വികനും ജീവിത വിശാരദനും ഒപ്പം ഏറ്റവും മികച്ച എഴുത്തുകാരനും ഒരു പോലെ വിജയിക്കുന്നു. ആസ്തിക്യത്തിലൂടെ അപരാത്മാക്കളിലെ ആസക്തിയൊഴിക്കാൻ സ്വാത്മാവിനെത്തന്നെ അക്ഷരങ്ങളാൽ അർച്ചനാ മലരാക്കിയ ആഢ്യത്വമുള്ള ആ കാവ്യ മലയാണ്മയെ എങ്ങനെ നമിക്കാതിരിക്കും.