വ്യക്തിത്വ വികസനം സ്വഭാവ രൂപീകരണം എന്നിവയെക്കുറിച്ചുള്ള സംശയങ്ങൾക്ക് പ്രശസ്ത്ര മനശാസ്ത്രജ്ഞൻ ഡോ. വെള്ളിനേഴി അച്യുതൻകുട്ടി സംവദിക്കുന്നു.
എന്താണ് വ്യക്തിത്വം?
ഒരു വ്യക്തിയെ മറ്റുള്ളവരിൽനിന്നു വേറിട്ടു നിർത്തുന്നതെന്തോ അതാണു വ്യക്തിത്വം. കംപ്യൂട്ടറിന് ഹാർഡ് വെയറും സോഫ്ട് വെയറുമെന്ന പോലെ വ്യക്തിത്വത്തിനും രണ്ടു ഘടകങ്ങളുണ്ട്. ശരീര ഘടനയാണ് വ്യക്തിത്വത്തിന്റെ ഹാർഡ് വെയർ. പെരുമാറ്റം സോഫ്ട് വെയറും.രണ്ടിലും പാരമ്പര്യത്തിന്റെ സ്വാധീനമുണ്ട്. ശരീരഘടനയിലാണ് ഈ സ്വാധീനം ഏറെയും. പെരുമാറ്റത്തിലും സ്വഭാവ രൂപീകരണത്തിലും അതു കുറവാണ്. ചുറ്റുപാടുകഴും തിരിച്ചറിവുകളുമാണ് സ്വഭാവ ഘടനയും പാരമ്പര്യവും നിർണയിക്കുന്നത്. അതുകൊണ്ടുതന്നെ അതിൽ മാറ്റത്തിനു സാധ്യതകൾ ഏറെയാണ്.
മനുഷ്യർ പൊതുവേ സ്വാർഥരാണെന്ന ഒരു പക്ഷമുണ്ട്. അത് ശരിയാണോ? ഇന്നത്തെ കാലത്ത് അത് കൂടി വരുന്നതായി തോന്നാറുണ്ടോ?
ഊർജ സംരക്ഷണ നിയമം പോലെയാണ് സ്വാഥതയുടെ നിർവചനവും. അഭിമാനമെന്ന പദത്തിന്റെ നിഷേധാത്മക അർഥത്തിൽ സ്വാർഥതയെന്ന വാക്ക് ഉപയോഗിച്ചു കാണുന്നുണ്ട്. രണ്ടും യഥാർഥത്തിൽ ഒന്നുതന്നെയാണ്.വളരെയേറെ ആപേക്ഷികവും.വ്യക്തിത്വത്തിന്റെ ശക്തിയെന്നത് ആത്മാഭിമാനമാണ്. അത് ഏത് ഘട്ടത്തിലാണ് സ്വാർഥതയായി വ്യാഖ്യാനിക്കപ്പെടുന്നതെന്നാണു ചോദ്യം. അത് സാഹചര്യങ്ങളുെയും സാമൂഹിക ചുറ്റുപാടുകളെയും ആശ്രയിച്ചിരിക്കും.
സ്വയം നന്നാവാൻ സ്വാർഥത ഉപകരിക്കുമോ?
സ്വയം നന്നാവൽ എന്നാലെന്താണ്. സ്വഭാവ ശാസ്ത്രത്തിൽ നല്ലതും ചീത്തയുമെന്ന തരം തിരിവില്ല. അത് പെരുമാറ്റത്തിന്റെ സമയത്തെയും ചുറ്റുപാടുമുള്ളവരുടെയും മാനസികാവസ്ഥയ്ക്കും അനുസരിച്ചുള്ള ഒരു വ്യാഖ്യാനം മാത്രമാണ്. വ്യക്തിത്വത്തിന്റെ പ്രധാന ഘടകമെന്നത് അവനവനെപ്പറ്റി സൃഷ്ടിപരമായ വിലയിരുത്തൽ നടത്തുകയെന്നതാണ്. അത് സ്വാർഥതയായി വ്യാഖ്യാനിക്കപ്പെട്ടേക്കാം. സ്വയം സംരക്ഷിക്കുകമാത്രമാണ് മാർഗം. അങ്ങനെ കഴിഞ്ഞാൽ നിങ്ങൾക്കു ലോകത്തെത്തന്നെ രക്ഷിക്കാനാകും.
മുതിർന്നവരെ ബഹുമാനിക്കണമെന്നു പറയുന്നതിന് അർഥമുണ്ടോ?
മുതിർന്നവർ അവരുടെ പ്രായത്തിനനുസരിച്ചും അവരുടെ ലോക പരിചയത്തിനനുസരിച്ചുമൊക്കെ ബഹുമാനിക്കപ്പെടണം. മറ്റുള്ളവരെ ബഹുമാനിക്കുകയെന്നാൽ അവരവരെത്തന്നെ ബഹുമാനിക്കുകയാണ്. ബഹുമാനത്തിന്റെ മറ്റൊരു വശം അത് സ്വാഭാവികമായി നടക്കുന്ന ഒരു പ്രക്രിയയാണെന്നതാണ്. അത് ബലം പ്രയോഗിച്ചു പിടിച്ചുവാങ്ങാനാകില്ല. ഞാൻ നിങ്ങളെ ആത്മാർഥമായി ബഹുമാനിക്കുകയാണെങ്കിൽ നിങ്ങൾക്കും എന്നെ ബഹുമാനിക്കാതിരിക്കാനാവില്ല.അത് പരസ്പര ബന്ധമുള്ള ഒരു പ്രക്രിയയാണ്. മുതിർന്നവരും അർഹതപ്പെട്ടവരുമൊക്കെ എല്ലാകാലത്തും ബഹുമാനിക്കപ്പെട്ടിട്ടുണ്ട്. അത് എങ്ങനെയെന്നത് ഒരു സ്വാഭാവികമായി ഉരുത്തിരിഞ്ഞ പ്രക്രിയയാണ്.
സ്വാഭാവ രൂപവൽക്കരണം, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളിൽ ഡോ. വെള്ളിനേഴി അച്യുതൻകുട്ടിയുടെ ഉപദേശം തേടാൻ ഞങ്ങൾക്ക് എഴുതുക .