അമ്മൂമ്മ… പഴയതെല്ലാം വീണ്ടും പറഞ്ഞ് പറഞ്ഞ് എല്ലാം സംഭാഷണങ്ങഴേയും വിരസമാക്കുന്ന അമ്മൂമ്മ.
പുതിയ ഒന്നിനെക്കുറിച്ചും അവർക്കു ഗ്രാഹ്യമില്ലെന്നു തോന്നുന്നു.
അതോ, പുതിയതിനെക്കുറിച്ചു പറയാൻ ആഗ്രഹമില്ലാഞ്ഞിട്ടോ.. പഴയ ഒരുപിടി ഓർമകളിലും അവ ദാനം ചെയ്യുന്ന ആനന്ദത്തിലും ഒതുങ്ങിക്കൂടുന്ന വയോവൃദ്ധ.
കൂടെക്കൂടെ അമ്മൂമ്മ പറയും സ്നേഹമാണ് എല്ലാമെല്ലാം, മറ്റൊരിക്കൽ പറയും അമ്പലങ്ങളിൽ, പള്ളികളിൽ ദൈവമില്ല.
ഉറുമ്പുകളെ കൊല്ലുന്നതു കണ്ടാൽ പറയും അരുത്, അവരെല്ലാം ഒരുമിച്ചു കൂടും. അവയ്ക്ക് ഐക്യ ശക്തിയുണ്ട്. കഴിച്ചു തുടങ്ങുന്നതിനു മുമ്പ് ഭക്ഷണത്തിനു മുന്നിലിരുന്ന് എന്തോ പ്രാർഥിക്കും.
കൂടുതൽ വിളമ്പാൻ സമ്മതിക്കില്ല. മിച്ചം വയ്ക്കാൻ ഇഷ്ടമില്ലത്രേ. കഴിച്ചുകഴിയുമ്പോൾ എച്ചിലായി പാത്രത്തിൽ ഒന്നുംതന്നെ കാണുകയില്ല.
അപകടമരണങ്ങളെപ്പറ്റി പറഞ്ഞറിയുമ്പോൾ അമ്മൂമ്മ പറയും, വേണ്ട,എനിക്ക് ഒന്നും കേൾക്കണ്ട.
തുള്ളൽപാട്ടുകളും വഞ്ചിപ്പാട്ടുകളും ഒരുപാട് കാണാതറിയുമായിരുന്നു പണ്ട്. ഇപ്പോൾ ഓർമ കുറവാണ്. അറിയാവുന്ന പാട്ടുകൾ എന്നെ പലവുരു ചൊല്ലി കേൾപ്പിച്ചിട്ടുണ്ട്. പിന്നെയും ഒരിക്കൽക്കൂടി കേൾപ്പിക്കാനൊരുങ്ങിയപ്പോൾ ഞാൻ പറഞ്ഞു ഇതെത്രാമത്തെ തവണയാ അമ്മൂമ്മേ എനിക്കിതു കാണാപ്പാഠമായിക്കഴിഞ്ഞു. അപ്പോൾ അമ്മൂമ്മ പറഞ്ഞു എനിക്കു സന്തോഷമായി. അതിനു വേണ്ടിയാണു ഞാൻ ഇത്ര പാടുപെട്ടത്.