അമേരിക്കൻ അർണോൾഡും നാടൻ സായിപ്പും

ഞായറാഴ്ച ഒന്ന് ചിരിക്കാനായി ഒരു റീ പോസ്റ്റ്. . 🙂

പഴയ കൂട്ടുകാരൻ അമേരിക്കയിൽ നിന്ന് എത്തി എന്ന കരക്കമ്പി കേട്ട ഉടൻ ഞാൻ ഒരു ബുക്കും എടുത്തു ചാടിപ്പുറപ്പെട്ടു, പണ്ട് വലിയ ചങ്ങാതി ആയിരുന്നു, പദ്മകുമാർ എന്ന പപ്പൻ. വീടിനു വെളിയിൽ എത്തിയപ്പോൾ കണ്ടു പഴയ പപ്പനെ ശീമപ്പന്നി ആയി മോർഫ് ചെയ്ത പോലെ ഒരു രൂപം. ഒരു കുഞ്ഞു ജീൻസ് നിക്കർ ആണ് വേഷം. ഞാൻ ചെന്ന് കയറിയ ഉടനെ പപ്പൻ ചാടി വീണു എന്നെ കെട്ടിപ്പിടിച്ചു ഞെരിച്ചു, എന്നിട്ട് മാറി നിന്ന് ചോദിച്ചു…

എച്ചോയ്‌… വ്ഴ്വാ … ലോങ്ങ്‌ ടൈം…യ്ഴ്വാ ക്വഴാ

ഞാൻ കണ്ണ് തള്ളി…. പപ്പാ…നിന്റെ സംസാര ശേഷി നഷ്ട്ടപ്പെട്ടോ?

നിന്നേ എത്ര നാളായി കണ്ടിറ്റ് എന്ന് പറഞ്ഞതാ…

ദൈവമേ അത് അമേരിക്കൻ ഇംഗ്ലീഷ് ആയിരുന്നു, കം കം എന്ന് പറഞ്ഞു അവൻ എന്നെ അകത്തേക്ക് കൊണ്ട് പോയി… അകത്ത് അവൻ ചെറുതായത് പോലെ രണ്ടെണ്ണം ഇരിക്കുന്നു, കയ്യിൽ റ്റാബും ലാപ്‌ ടോപ്പും.. രണ്ടും അതേ നിക്കർ ആണ് വേഷം.

വ്യസ്ഴ്വാ ബുവശ്ഴാ ബിശ്ച്നസ്വഴ….. അവൻ പിള്ളേരോട് പറഞ്ഞു

ഞാൻ ബാ ബാ ബ്ലാക്ക് ഷീപ് മനസ്സിൽ ഉരുവിട്ട് പഠിച്ചു, ആവശ്യം വന്നാൽ എടുത്തു കലക്കണം…. മേരി ഹാഡ് എ ലിറ്റിൽ ലാമ്പ് മറന്നു..

വാഴ് ആഴ് യൂ ദ്വൈഴിംഗ്…..

ഞാൻ ചിരിച്ചു കാണിച്ചു, ഹി ഹി ഹി ഹി

നീ എന്ത് ചെയ്യുന്നു…. എന്ന്

ഓ അതാണോ… പപ്പാ നീ ഈ അമേരിക്കൻ ഇംഗ്ലീഷ് പറയാതെ ഇന്ത്യൻ ഇംഗ്ലീഷ് പറ… പ്ലീസ്

വോക്കെ… വോക്കെ

ഞാൻ ഇപ്പൊ റെയിൽവേയിൽ ആണ്.. ഇവിടെ തിരുവനന്തപുരത്ത് തന്നെ

റിയലീ… റിയലീ…. എക്സലന്റ്… എക്സലന്റ്… അവൻ സോഫയിൽ ഇരുന്നു തുള്ളി. സോഫയുടെ സ്പ്രിംഗ് ആക്ഷൻ കാരണം ഞാനും

ഓ റെയിൽവേ എന്ന് പറഞ്ഞാൽ അത്ര വലിയ സംഭവം ആണല്ലേ… ഞാൻ ഒന്ന് ഞെളിഞ്ഞിരുന്നു. പിന്നെ പതുക്കെ ഒരു ബുക്ക് എടുത്തു അവന്റെ കയ്യിൽ കൊടുത്തു.

വാഴ്സ് ദിസ്‌

അങ്ങനെ ഒരു മാമ്പഴക്കാലം

മാംപാഴ കാഴ്ലം, എന്ന് വെയ്ച്ചാൽ?

ഇത് ഞാൻ എഴുതിയതാണ്, സ്റ്റേറ്റ് അവാർഡ്‌ ഉൾപ്പടെ രണ്ടു അവാർഡും കിട്ടി..

മൈ ഗോഡ്. യൂ ആർ എ ഴൈറ്റാ? ഐ കാന്റ് ബിലീവ് ഇറ്റ്… മാ ഫ്രെണ്ട് എച്ചോയ്‌ കുമാ ഈസ്‌ എ ഴൈറ്റാ…….?

ഞാൻ വിളറിയ മുഖവുമായി പറഞ്ഞു, അങ്ങനെ ഒന്നുമില്ല… ഞാൻ ആണ് ഇത് എഴുതിയതെന്ന്… പറഞ്ഞു എന്നെ ഉള്ളൂ…

അത് വക വെക്കാതെ അവൻ നിക്കർ ധാരികൾ ആയ തടിയൻ മക്കളോട് പറഞ്ഞു… ഹേ കിഡ്സ്‌… ദിസ്‌ അങ്കിൾ ഈസ്‌ എ ഴൈറ്റാ…

അവന്മാര് രണ്ടു ചാട്ടം… റിയലീ…. അങ്കിൾ… ആഴ് യൂ എ ഴൈറ്റാ?

..ർ

ഴൈറ്റാ ?

…ർ

വാട്ട് ർ ർ ?

റൈറ്ററിലെ ‘ർ’

ആ ർ സൈലന്റ് ആണ്, അവനു ദേഷ്യം വന്നു… ഴൈറ്റ എന്നേ ഞങ്ങൾ പഴയൂ, ഴൈറ്റ, ഫൈറ്റ, ഹാരി പോട്ട

അത് ഞാൻ അറിഞ്ഞില്ല… സോ

സോ?

സോറി… ആ റി സൈലന്റ് ആക്കി 🙂

ശോ… സോഴി യിലെ ഴി സൈലെന്റ് ആക്കണ്ട… നീ നന്നാവൂല, സെയിം ഓൾഡ്‌ ആറ്റിറ്റ്യൂഡ്,..

അങ്കിൾ ടെൽ അസ് യുവർ സ്റ്റൊഴി, രണ്ടു കുട്ടിയാനകളും നിന്ന് തുള്ളി

ഞാൻ മുരടനക്കി, ഭഗവാനെ എന്ത് പറയും..

ടെൽ അസ്

ഓ, പഴയാം, അല്ല പറയാം, ട്വൈസ് അപ്പോൺ എ ടൈം, അല്ല ഒൺസ് അപ്പോൺ ആണെന്ന് തോന്നുന്നു, ദെയർ വാസ് എ മാംഗോ ട്രീ ഇൻ എ വില്ലേജ്…

ഹേ കിഡ്സ്‌, നോ, സ്പെയർ അസ്, ലീവ് അസ്, പപ്പൻ പിള്ളേരെ പറഞ്ഞു അകത്തു വിട്ടു, ഭാഗ്യം

ഹണീ… ഹണീ… അവൻ അകത്തേക്ക് നോക്കി അലറി

എനിക്ക് തേൻ വേണ്ട പപ്പാ… ചായയോ കാപ്പിയോ വല്ലതും ഉണ്ടെങ്കിൽ

ശോ, ഹണീ എന്ന് ഞാൻ വൈഫിനെ വിളിച്ചതാ… ഇയല്ടെ കാര്യം

യെസ് ഹണീ… അത് പോലെ വേറെ ഒരു രൂപം നിക്കറും ഇട്ട് അകത്തു നിന്നും വന്നു, അപ്പൊ ഇവൻ അവളുടെ ഹണി ആണ്, ഇവൾ അവന്റെയും, ആകെ ഒരു ഹണി മയം, ഒരു ജീൻസ് നിക്കർ വാങ്ങിച്ചാൽ വീട്ടിൽ എല്ലാവർക്കും ഇടാം..

മീറ്റ്‌ എച്ചോയ്‌, മാ ഫ്രെണ്ട്… ഹീ ഈസ്‌ എ ബിഗ്‌ ഴൈറ്റ… എൻ അവാർഡ് വിന്നാ

ഞാൻ പറഞ്ഞു… ഓ അങ്ങനെ ഒന്നുമില്ല.

കൊങ്ങ്രാറ്റ്സ്… വ്ഴ്വാ യ്ഴ്വാ ക്വഴാ ദ്ഴീങ്ക്, ഭാര്യയുടെ വക….

ഞാൻ അർഥം മനസിലാകാതെ ചിരിച്ചു കൊണ്ടിരുന്നു

കുടിക്കാൻ എടുക്കട്ടെ എന്ന്…. അവൻ തർജിമ ചെയ്തു

യെസ്… ഇൻ എ ഗ്ലാസ്‌ ഗിവ് മി ലിറ്റിൽ ബിറ്റ് ഗ്രീൻ വാട്ടർ…

അവന്റെ ഭാര്യ കണ്ണും തള്ളി അകത്തു പോയി… ആശ്വാസം.. 🙂

നിന്റെ അച്ഛനും അമ്മയും നിങ്ങൾ ഇല്ലാത്തപ്പോൾ ഇവിടെ ഒറ്റക്കല്ലേ പപ്പാ

ഹേ അല്ല, രണ്ടു ചോളിക്കാർ ഉണ്ട്.., പിന്നെ സ്കൈപ്പ്, ഉണ്ട്, ഐ പോഡ് ,ഐ പാഡ് ഉണ്ട്.. പിന്നെ സെക്യൂരിറ്റിക്ക് ഒരു നായയും ഉണ്ട്, എ ഡോഗ്

നായ എന്ന് കേട്ടപ്പോൾ എനിക്ക് സന്തോഷമായി, നായ ഉണ്ടോ? കൊള്ളാം, ഏതാ ഇനം?

ലറ്റൊ പെട്ടാ പോരിയർ…

എന്തര് പോരിയർ? ഞാൻ കണ്ണ് തള്ളി

എ ഫോഴിൻ ബ്ഴീദ്, ഒരു വിദേശ ഇനം ആണ്, കാണണോ, കേരളത്തിൽ ഒരെണ്ണമേ ഉള്ളു ഈ ഇനം…

കാണാം…. ഞാൻ പറഞ്ഞു

അർനോൾഡ്‌ ഷ്വാസനീഗ…. അവൻ അകത്തേക്ക് നോക്കി വിളിച്ചു

അങ്ങേരും നിന്റെ കൂടെ വന്നോ? ഹയ്യോ എനിക്ക് വലിയ ഇഷ്ട്ടമാണ്, അർനോൾഡ്‌ ശിവശങ്കരൻ നായരെ

നോ, ഓ ഗോഡ്, ദിസ്‌ ഈസ്‌ മൈ ഡോഗ്സ് നെയിം മാൻ

അയ്യോ. സാധാരണ ടൈഗർ.. ഹിറ്റ്ലർ… ബിസ്ക്കറ്റ് എന്നൊക്കെ അല്ലെ പട്ടിക്ക് പേര്

നോ, ഈ പട്ടിക്കു അങ്ങനെ ഉള്ള പേഴ് ഒന്നും ചേഴില്ല. അയിനു ദേഷ്യം വരും… സോ സെൻസിറ്റീവ് യൂ നോ?

ഐ ഡോണ്ട് നോ

അങ്ങനെ ഇരിക്കെ, അതാ ഒരു പശുക്കുട്ടി അകത്തു നിന്നു വരുന്നു..
പപ്പാ, നിങ്ങൾ പശുവിനെ വീട്ടിനകത്താണോ വളർത്തുന്നത്, ഇത് ജേഴ്സി ആണോ? കൊള്ളാം, എത്ര ലിറ്റർ കറക്കും?

റബ്ബിഷ്… അതാണ് അർനോൾഡ്‌ ഷ്വാസനീഗ… മൈ ഡോഗ്

ദൈവമേ ഈ പണ്ടാരം ആണോ പട്ടി… ഉടനെ എണീറ്റ്‌ ഓടിയാൽ മാനം പോവും എന്നുള്ളത് കൊണ്ട് ഞാൻ ഓടിയില്ല, പകരം പതുക്കെ എണീറ്റു…

പപ്പാ എനിക്ക് അത്യാവശ്യമായി പഞ്ചായത്ത് ഓഫീസിൽ വെള്ളത്തിന്‌ പൈസ അടക്കാൻ പോണം

ഈ രാത്രി ഏത് ഓഫീസ്…? കൊർപ്പറേഷനിൽ ഏതു പഞ്ചായത്ത് ?

ന്യൂസ്‌ റീൽ പറയുന്ന ശബ്ദത്തിൽ ഞാൻ പറഞ്ഞു… കേരളത്തിലെ ചില കൊർപ്പറേഷനിൽ പഞ്ചായത്ത് ഓഫീസുകൾ രാത്രി കാലങ്ങളിൽ പ്രവർത്തിക്കാറുണ്ട്… അവിടങ്ങളിൽ ഒക്കെ അവർ വെള്ളത്തിന്‌ പണം സ്വീകരിക്കാറും ഉണ്ട്

ഴിയലി? ഗ്ഴെറ്റ് …

അതെ, ഞാൻ പോട്ടെ, അല്ലെങ്കിൽ അവരു വെള്ളം കട്ട് ചെയ്യും. വെള്ളം ഇല്ലെങ്കിൽ എനിക്ക് നാരങ്ങ വെള്ളം ഒന്നും ഉണ്ടാക്കി കുടിക്കാൻ പറ്റൂല പപ്പാ, അതാണ്, പൊക്കോട്ടെ?

ഇരി അവിടെ… ഇനി ആർനോൾഡിനെ കണ്ടിട്ട് പോയാൽ മതി, ഇല്ലെങ്കിൽ അവനു ഫീൽ ചെയ്യും..

ആ പട്ടി ആന വരും പോലെ കുലുങ്ങി കുലുങ്ങി വന്നു എന്റെ കാലിനടുത്തു കിടന്നു. കൺവേയർ ബെൽറ്റ്‌ പോലെ ഉള്ള തടിയൻ നാക്കിട്ട് ഷൂസിൽ നക്കി. ഞാൻ പതുക്കെ കാൽ അകത്തേക്ക് വലിച്ചു, കാരണം അത് ഒന്ന് ആഞ്ഞു നക്കിയാൽ എന്റെ കാലും ഷൂസും ഞാനും എല്ലാം കൂടെ അകത്തു പോകും 🙂

രാത്രി കള്ളൻ വരുമ്പോൾ ഈ പട്ടിയുടെ പേരൊക്കെ ഇവന്റെ വയസായ അച്ഛനും അമ്മയും എങ്ങനെ ഓർത്തെടുത്തു വിളിക്കുമോ എന്തോ.

അഥവാ ഇനി വിളിച്ചാലും അവരുടെ പല്ല് സെറ്റ് തെറിച്ചു പോയി ഈ പട്ടിയുടെ ദേഹത്തെങ്ങാനും വീഴും, എങ്കിൽ അത് അവരെ എപ്പോ വിഴുങ്ങി എന്ന് ചോദിച്ചാൽ മതി..

ഇവന്റെ വീഡിയോ വൈറൽ ആണ് കേട്ടോ എച്ചൊയ്

വയറിലോ… ആരുടെ വയറിൽ…? ഞാൻ ചോദിച്ചു

ഹോ, എടൊ… വൈറൽ ആണ് എന്ന്…. യൂ ട്യൂബിൽ

ശെരി, എന്നാൽ ഞാൻ അങ്ങോട്ട്‌…. ഞാൻ പതുക്കെ എണീറ്റു

അർനോൾഡ്‌ ഗോ ഇൻ സൈഡ്… അത് കേൾക്കാത്ത താമസം ആ പട്ടി ആന ഒക്കെ എണീക്കുന്നത് പോലെ കഷ്ട്ടപ്പെട്ട് എണീറ്റ് ചന്തിയും കുലുക്കി അകത്തു പോയി… പോയി ഒരു മിനിറ്റ് കഴിഞ്ഞിട്ടും വാല് പോയി കഴിഞ്ഞില്ല അത്ര നീളം…

ഹണീ… അവന്റെ ഭാര്യ പിന്നെയും വന്നു അവന്റെ ചെവി തിന്നുന്നു…

ഹുഹുഹഹഹ…. അവൻ ചിരിക്കുന്നു… ഗ്രീൻ വാട്ട മീൻസ് പ്ലെയിൻ വാട്ട ഹണീ… ദിസ്‌ ഫെലോ ഈസ്‌ സോ ഫണ്ണി…. ഡോണ്ട് ടേക്ക് ഇറ്റ്‌ സീരിയസ്, ബ്രിംഗ് സം പ്ലെയിൻ വാട്ട

ഞാൻ പറഞ്ഞു എനിക്ക് വാട്ട വേണ്ട പപ്പാ.. വല്ല വാറ്റും ഉണ്ടെങ്കിൽ…

അഗൈൻ ജോക്ക്… ഫണ്ണി ഗായ്‌.. അവൻ എന്റെ വയറിൽ ഇട്ടു കുത്തി…

അപ്പൊ അകത്തു നിന്ന് കേട്ടു, സിംഹം അമറുന്ന ശബ്ദത്തിൽ പട്ടിയുടെ കുരയും ആംബുലൻസ്‌ സയറൺ അടിക്കുന്ന പോലെ ഉള്ള ജോലിക്കാരിയുടെ അലർച്ചയും…. പപ്പനും സംഘവും അകത്തേക്ക് ഓടി… രാത്രിയിലത്തേക്ക് വാങ്ങി വെച്ചിരുന്ന ചിക്കൻ ബിരിയാണി അർനോൾഡ്‌ വിഴുങ്ങി എന്നാണു പച്ച മലയാളത്തിൽ ജോലിക്കാരി അലറിയത്…. തടയാൻ ചെന്നപ്പോൾ നല്ല ഒരു കടിയും അവർക്ക് കിട്ടി…

അകത്തു പോയ പപ്പനെ കാണാതെ ഞാൻ കുറെ നേരം കൂടി താളം ചവിട്ടി നിന്നു, ഒന്നും കിട്ടുന്ന ലക്ഷണമില്ല, കുപ്പി പോയിട്ട് ഒരു ചോക്കലേറ്റ് പോലും.. ഞാൻ പതുക്കെ ഇറങ്ങി നടന്നു. ഗേറ്റ് തുറന്നപ്പോൾ അകത്തു നിന്നു വീണ്ടും പട്ടിയുടെ ഭീകര കുരയും പപ്പന്റെ മലയാളത്തിൽ ഉള്ള എന്റെ മുടിപ്പെര അമ്മച്ചീ, എന്നെ ഈ നശൂലം കൊന്നെ… എന്ന നിലവിളിയും കേട്ടു…

ഞാൻ ആ നാട്ടുകാരൻ അല്ലാത്തത് പോലെ ഇറങ്ങി എങ്ങോട്ടെന്നില്ലാതെ ഓടി… ഓടുന്ന വഴി ഞാൻ ആലോചിച്ച…. ഇനി എന്നാണാവോ പത്രത്തിൽ വാർത്ത‍ വരുന്നത്… വിശപ്പ്‌ കാരണം ഒരു പട്ടി, വൃദ്ധ ദമ്പതികളെ വിഴുങ്ങിയെന്ന്..

About Ajoy Kumar

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് അവാർഡ് ജേതാവ്. 'അങ്ങനെ ഒരു മാമ്പഴക്കാലം', 'കൽക്കണ്ട കനവുകൾ' എന്നിവ പ്രധാന കൃതികൾ. ബി കോം ബിരുദധാരി,അനിമേറ്റര്‍, കാര്‍ട്ടൂണിസ്റ്റ്,ഇന്ത്യയിലെ ആദ്യ 3ഡി അനിമേഷന്‍ മുസിക്‍ ആല്‍ബം നിര്‍മാണത്തില്‍ പ്രധാനപങ്കുവഹിച്ചു,

Check Also

ചുരുളൻ മുടിയുള്ള പെൺകുട്ടി

ഓണക്കോടി ഷർട്ടും പുതിയ കസവുമുണ്ടുമെടുത്ത് ഞാൻ ഇന്നൊരു കല്യാണത്തിന് പോയി. പോകുമ്പോൾ അമ്മ പറഞ്ഞു ” അഴകിയ രാവണൻ എങ്ങോട്ടാ …

Leave a Reply

Your email address will not be published. Required fields are marked *